രണ്ടാംഘട്ട ചർച്ച: ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്ഥാനിൽ എത്തി

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പാകിസ്ഥാനിലെത്തിയപ്പോൾ| x.com/arabtimeskuwait/status
ഇസ്ലാമാബാദ്: ഇറാൻ–യുഎസ് രണ്ടാംഘട്ട ചർച്ചകൾക്കായി ഇറാൻ സംഘം പാകിസ്ഥാനിലെത്തിയെന്ന് റിപ്പോർട്ടുകൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അടങ്ങുന്ന സംഘമാണ് വെള്ളി രാത്രിയോടെ ഇസ്ലാമാബാദിൽ എത്തിയത്. അതേസമയം, അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ശനിയാഴ്‌ച പാകിസ്ഥാനിൽ എത്തുമെന്ന് വൈറ്റ്‌ഹൗസ് അറിയിച്ചു. ആവശ്യമെങ്കിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇസ്ലാമാബാദിൽ എത്തിയേക്കും. കഴിഞ്ഞ 11നും 12നും ആദ്യഘട്ട ചർച്ചകൾ സമാധാന ഉടമ്പടി രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
ഇറാന്റെ സമയം അടുത്തെന്ന് ട്രംപ്
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് ധൃതിയൊന്നുമില്ലെന്ന് ട്രംപ്. ഇറാന്റെ സമയം അവസാനിക്കുകയാണെന്നും ട്രംപ് ഭീഷണി മുഴക്കി. പശ്‌ചിമേഷ്യയിലേക്ക് യുഎസ്‌എസ് ജോർജ് ഡബ്ല്യു എച്ച് ബുഷ് എന്ന വിമാന വാഹിനിക്കപ്പൽ കൂടി അയച്ചതായി ട്രംപ് പറഞ്ഞു. ഇതോടെ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ച ആകെ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി.
ഹോർമുസ് കടലിടുക്കിൽ മൈനുകളിടുന്ന ഇറാൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് ആവർത്തിച്ചു. ഇത്തരം കപ്പലുകളെ വെടിവച്ചിടുകയോ കപ്പലിലുള്ളവരെ കൊലപ്പെടുത്തുകയോ ചെയ്യാനും ആഹ്വാനംചെയ്‌തു. യുദ്ധമുണ്ടായാൽ ഇറാനുനേരെ ആണവായുധം പ്രയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. മൂന്ന് ദിവസത്തിനകം സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം
ഇസ്രയേൽ– ലെബനൻ വെടിനിർത്തൽ കരാർ നീട്ടി
ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യത്തിന്റെയും പ്രതിനിധികൾ വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചർച്ചകൾ നടക്കുന്നതിനിടയിലും തെക്കൻ ലെബനനിൽ ഹിസ്‌ബുള്ളയ്‌ക്ക് നേരെ ഇസ്രയേൽ ആക്രമണം തുടർന്നു. എന്നാൽ, ഇസ്രയേൽ–ലെബനൻ സമാധാന കരാർ നടക്കാത്ത സ്വപ്‌നമാണെന്ന് പ്രസ്‌താവനുമായി യുഎസിലെ ഇസ്രയേൽ അംബാസിഡർ യെച്ചീൽ ലെയ്‌റ്റർ രംഗത്തെത്തി. ഹിസ്‌ബുള്ളയെ ഇല്ലാതാക്കുന്നതിനാണ് പ്രാധാന്യമെന്നും ലെബനീസ് സർക്കാരിന് അത് സാധിക്കില്ലെന്നും ലെയ്‌റ്റർ കുറ്റപ്പെടുത്തി.










0 comments