ad
Deshabhimani

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി; യുഎസ് നാവികസേനക്ക് ഇറാന്റെ മുന്നറിയിപ്പ്

US Iran

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 04, 2026, 05:46 PM | 1 min read

തെഹ്റാൻ : യുഎസ് നാവികസേനയോട് മേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കാൻ സഹായിക്കുമെന്ന് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പുതിയ നീക്കം.


യുഎസ് സൈന്യം കടലിടുക്കിൽ പ്രവേശിച്ചാൽ ആക്രമിക്കപ്പെടും. ഇറാനുമായി ആലോചിക്കാതെ വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും നീങ്ങരുതെന്നും ഇറാന്റെ മിലിട്ടറി യൂണിഫൈഡ് കമാൻഡ് മേധാവി അലി അബ്ദൊല്ലാഹി തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.


കപ്പൽ ജീവനക്കാർക്ക് ഭക്ഷണവും ആരോഗ്യകരമായി തുടരാൻ ആവശ്യമായ മറ്റ് സൗകര്യങ്ങളും തീർന്നുപോകാറായ അവസ്ഥയിലാണ്. ഈ ദൗത്യത്തിൽ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടായാൽ നിർഭാഗ്യവശാൽ അത് ബലം പ്രയോഗിച്ച് നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ഈ ദൗത്യത്തിനായി 15,000  സൈനികരെയും നൂറിലധികം വിമാനങ്ങളെയും യുദ്ധക്കപ്പലുകളെയും ഡ്രോണുകളെയും വിന്യസിക്കുമെന്നും അറിയിച്ചിരുന്നു.


അതിനിടെ ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് മിസൈലുകൾ അമേരിക്കൻ യുദ്ധക്കപ്പലിൽ പതിച്ചതായി ഇറാന്റെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. 


ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്ന കപ്പലുകളെ ബലം പ്രയോഗിച്ച് തടയുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വക്താവ് ഹൊസൈൻ മൊഹെബി  വാർത്താ ഏജൻസിയോട് പറഞ്ഞു. ഗാർഡ്‌സിന്റെ നിർദേശങ്ങൾ കപ്പൽ കമ്പനികളും ഇൻഷുറൻസ് സ്ഥാപനങ്ങളും കണക്കിലെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതു മുതൽ ഈ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച ചില കപ്പലുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ ഇതിനോടകം തന്നെ നിരവധി കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home