ഇന്ധനത്തിന് പിന്നാലെ ഇന്റർനെറ്റും നിലച്ചേക്കാം; പശ്ചിമേഷ്യൻ സംഘർഷം ആഗോള ഡിജിറ്റൽ ശൃംഖലയെ തകർക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പടരുന്ന സംഘർഷം ലോകത്തെ ഇരുട്ടിലാക്കാൻ സാധ്യതയുള്ള മറ്റൊരു ഭീഷണി കൂടി ഉയർത്തുന്നു—ആഗോള ഇന്റർനെറ്റ് ബന്ധത്തിന്റെ തകർച്ച. കടലിനടിയിലൂടെയുള്ള ഡാറ്റാ കേബിളുകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടായാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിലയ്ക്കുകയോ വേഗത ഗണ്യമായി കുറയുകയോ ചെയ്തേക്കാമെന്ന് മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന ഒട്ടേറെ കടലിനടിയിലെ കേബിളുകൾ യുദ്ധം മൂലം അപകടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 17 ശതമാനവും കടന്നുപോകുന്നത് റെഡ് സീ മേഖലയിലൂടെയാണ്.
ഈ കേബിളുകൾ തകർക്കപ്പെട്ടാൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടിന് അത് കാരണമാകും. ഇന്ത്യയുടെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നത് ഗൾഫ് മേഖലയിലൂടെയുള്ള കേബിളുകൾ വഴിയാണ്. ഈ ശൃംഖലയിൽ തടസ്സമുണ്ടായാൽ ഓൺലൈൻ പേയ്‌മെന്റുകൾ, ബാങ്കിംഗ് സേവനങ്ങൾ, ഐടി മേഖല എന്നിവ നിശ്ചലമാകും.
സൗദി അറേബ്യയിലെയും യുഎഇയിലെയും ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുടെ ഡാറ്റാ സെന്ററുകൾ നിലവിൽ യുദ്ധഭീഷണിയിലാണ്. ഇവ തകരാറിലായാൽ ആഗോളതലത്തിൽ ക്ലൗഡ് സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശൃംഖലകളും തകരാറിലാകും.
യുദ്ധം നടക്കുന്ന മേഖലകളിൽ കേബിളുകൾക്ക് തകരാർ സംഭവിച്ചാൽ അവ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധർക്ക് എത്താൻ കഴിയില്ലെന്നതും വലിയ വെല്ലുവിളിയാണ്. ഇറാനിൽ നിലവിൽ 33 ദിവസമായി ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി നിലച്ചിരിക്കുകയാണ്.
യുദ്ധം ഡിജിറ്റൽ മേഖലയിലേക്ക് കൂടി പടരുന്നതോടെ ലോകം വലിയൊരു കമ്മ്യൂണിക്കേഷൻ ബ്ലാക്ക്ഔട്ടിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. ഇന്റർനെറ്റ് തടസ്സപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് ബദൽ മാർഗ്ഗങ്ങൾ തേടാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments