നയതന്ത്ര കാര്യാലയങ്ങൾ പൂട്ടി യുഎസ് , ജീവനക്കാരെ തിരിച്ചുവിളിച്ചു
print edition യുദ്ധം വ്യാപിക്കുന്നു ; ഇറാനില്‍ മരണം 1045

ബെയ്‌റൂത്തിലെ റഫീക്ക് ഹരീരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ദഹിയേഹിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണം
തെഹ്‌റാൻ
അമേരിക്കയും ഇസ്രയേലും ഇറാനിലേക്ക് നടത്തിയ കടന്നാക്രമണം അഞ്ചുദിവസം പിന്നിടുമ്പോള്‍ മധ്യേഷ്യയിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിച്ചു. ശ്രീലങ്കൻ തീരത്ത് ഇറാന്റെ യുദ്ധക്കപ്പൽ യുഎസ് മുക്കിയപ്പോള്‍, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ നാറ്റോ തകർത്തതായി തുർക്കിയ വെളിപ്പെടുത്തി. മിസൈലിന്റെ ലക്ഷ്യകേന്ദ്രം വ്യക്തമല്ല.
അഞ്ചുദിവസത്തെ മിസൈല്‍ വര്‍ഷത്തില്‍ ഇറാനില്‍ മരണം 1045 ആയി. രണ്ടായിരത്തോളം കേന്ദ്രങ്ങളിലെ മിസൈലാക്രമണത്തില്‍ ആയിരങ്ങള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിന് നേരെയും യുഎസ് സഖ്യം ആക്രമണം നടത്തി. അമേരിക്കയുമായി ഒരു തരത്തിലുള്ള ചർച്ചകൾക്കും തയ്യാറല്ലെന്നും എത്രകാലം വേണമെങ്കിലും യുദ്ധം തുടരാൻ ഇറാൻ സജ്ജമാണെന്നും ഖമനേയിയുടെ മുതിർന്ന സഹായി മുഹമ്മദ് മൊഖ്ബർ പറഞ്ഞു.
ഇറാന്റെ നാവിക, -വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. മേഖലയിലെ യുഎസ് സേനയുടെ സാന്നിധ്യം 2003-ലെ ഇറാഖ് അധിനിവേശത്തേക്കാൾ ശക്തമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഖമനേയിയുടെ പിൻഗാമിയായി വരുന്നവർ ഇസ്രയേലിന്റെ വധശിക്ഷാ പട്ടികയിൽ ഉണ്ടാകുമെന്ന് ഇസ്രയേൽ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ഭീഷണിമുഴക്കി. ഇറാന് പുറമെ ലെബനനിലും ഇറാഖിലും യുഎസ് ആക്രമണം ശക്തമാക്കി.
നയതന്ത്ര കാര്യാലയങ്ങൾ പൂട്ടി യുഎസ്; ജീവനക്കാരെ തിരിച്ചുവിളിച്ചു
കടന്നാക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താത്പര്യമേഖലകളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. ഇതോടെ ദുബായ് കോണ്‍സുലേറ്റും അബുദാബിയിലെ യുഎസ് എംബസിയും അനിശ്ചിതകാലത്തേക്ക് അടച്ചു. റിയാദ്, കുവൈത്ത് എംബസികൾ കഴിഞ്ഞദിവസം പൂട്ടിയിരുന്നു.
ഇറാനിൽനിന്ന് ആയിരത്തിലധികം ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് യുഎഇ അറിയിച്ചു. യുഎഇയിലുള്ള ഇന്ത്യന്‍ പൗരര്‍ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അബുദാബിയിലെ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ ബുധനാഴ്‌ച അര്‍ധരാത്രിവരെ സര്‍വീസുകള്‍ നിര്‍ത്തി.
• ഖത്തർ പത്തോളം ഡ്രോണുകളും രണ്ട് ക്രൂസ് മിസൈലുകളും വെടിവച്ചിട്ടു.
• സൗദിയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയില്‍ ആക്രമണമുണ്ടായി
• ബഹ്‌റൈനിലെ റിഫയില്‍ സൈനിക താവളത്തിനുനേരെ ഡ്രോണ്‍ ആക്രമണം
• ഒമാന് വടക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കണ്ടെയ്‌നര്‍ കപ്പലിനുനേരെയും ആക്രമണം
• ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ ഭൂരിഭാഗവും അടച്ചതോടെ ഏകദേശം 15,000 ഓളം വിമാന സര്‍വീസുകൾ ഇതുവരെ റദ്ദാക്കി
• കുവൈത്തില്‍ ബുധന്‍ പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തില്‍ 11 വയസ്സുകാരി കൊല്ലപ്പെട്ടു.
•അന്താരാഷ്‌ട്ര വിപണിയില്‍ ഗ്യാസ് വില 50 ശതമാനത്തോളം വര്‍ധിച്ചു










0 comments