ഒമാന്‍ മധ്യസ്ഥതയില്‍ മസ്‌കത്തില്‍ ഇറാന്‍ - അമേരിക്ക ചര്‍ച്ച തുടങ്ങി

photo credit: X
അനസ് യാസിന്‍
Published on Apr 12, 2025, 07:54 PM | 1 min read
മനാമ: ഇറാനും യുഎസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ ആരംഭിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമാണ് ചര്‍ച്ച നടത്തുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി എക്‌സില്‍ അറിയിച്ചു.
ഇറാന്റെയും അമേരിക്കയുടെയും പ്രതിനിധികള്‍ വെവ്വേറെ മുറികളിലായാണ് ഇരിക്കുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി മുഖേന ഇരു കക്ഷികളും തങ്ങളുടെ കാഴ്ചപ്പാടുകളും നിലപാടുകളും പരസ്പരം അറിയിക്കുന്നുവെന്നും ബാഗായി ചൂണ്ടിക്കാട്ടി. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അരാഗ്ചി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റവഞ്ചിയ്‌ക്കൊപ്പം ശനിയാഴ്ച പുലര്‍ച്ചെ മസ്‌കത്തിലെത്തിയിരുന്നു.
ഇറാന്റെ ആണവ പദ്ധതിയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച. യുഎസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ വാക്‌പോര് മറുകുകയും സംഘര്‍ഷ സാധ്യത വര്‍ധിക്കുകയും ചെയ്തു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് ട്രംപ് കഴിഞ്ഞ മാസം ഇറാന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചെങ്കിലും ഒമാന്റെ മധ്യസ്ഥതയുമായി പരോക്ഷ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ബോംബാക്രമണവും സാമ്പത്തിക ഉപരോധവും നേരിടേണ്ടിവരുമെന്ന് ഇറാനെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്.
2015-ലെ കരാറിന് പകരമായി പുതിയ ആണവ കരാര്‍ ചര്‍ച്ച ചെയ്യാന്‍ പുതിയ യുഎസ് ഭരണകൂടം ഇറാനെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്, ട്രംപ് പ്രസിഡന്റായിരിക്കെ 2018 മെയില്‍ മാസത്തില്‍ ആദ്യ കരാറില്‍ നിന്ന് യുഎസ് പിന്മാറിയതോടെ കരാര്‍ ഇല്ലാതായി.
ബൈഡന്‍ ഭരണകാലത്ത്, യൂറോപ്യന്‍ യൂണിയന്റെ മധ്യസ്ഥതയില്‍ വിയന്നയില്‍ പലവട്ടം പരോക്ഷ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തില്‍ എത്താനായില്ല. ശനിയാഴ്ച രാവിലെ ഒമാന്‍ വിദേശ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ തുല്യനിലയില്‍ മാന്യമായ കരാറിലെത്താന്‍ ശ്രമിക്കുകയാണെന്ന് അരാഗ്ചി വെളിപ്പെടുത്തിയിരുന്നു.










0 comments