ചർച്ചയ്ക്ക് മുൻപ് നിബന്ധനകളുമായി ഇറാൻ; ലബനനിൽ വെടിനിർത്തൽ വേണം, ഇല്ലെങ്കിൽ ഇസ്‌ലാമാബാദിൽ ചർച്ചയില്ല

വെടിനിർത്തൽ പ്രഖ്യാപിച്ചശേഷം ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടം
തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാനായി ഇസ്‌ലാമാബാദിൽ ഇന്ന് നടക്കാനിരിക്കുന്ന അമേരിക്ക–ഇറാൻ ചർച്ചകളിൽ കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്. ലബനനിൽ ഉടനടി വെടിനിർത്തൽ നടപ്പിലാക്കാതെ ചർച്ചയ്ക്കില്ലെന്ന് ഖാലിബാഫ് വ്യക്തമാക്കി.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച തുടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് ഖാലിബാഫ് ഇറാന്റെ നിലപാടുകൾ വ്യക്തമാക്കിയത്. രണ്ട് പ്രധാന ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ലബനനിൽ സമാധാനം പുനഃസ്ഥാപിക്കണം. അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ വിദേശ ആസ്തികൾ തിരികെ നൽകണം. ഈ ആവശ്യങ്ങളിൽ ചർച്ചയ്ക്ക് മുൻപ് തന്നെ അനുകൂലമായ തീരുമാനമുണ്ടാകണമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വാഷിംഗ്ടണിൽ നിന്ന് പുറപ്പെട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ കൃത്യമായ മാർഗനിർദേശങ്ങളോടെയാണ് തങ്ങൾ എത്തുന്നതെന്ന് വാൻസ് പറഞ്ഞു. രണ്ടാഴ്ചയായി തുടരുന്ന കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ ഇസ്‌ലാമാബാദിൽ ഈ ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്.
ചർച്ച വിജയിച്ചാൽ പശ്ചിമേഷ്യയിൽ വെടിനിർത്തലിലേക്ക് വഴിതുറക്കും. വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും ലെബനനിൽ ആക്രമണം തുടരുന്നതിലൂടെ അമേരിക്കയും ഇസ്രയേലും സൃഷ്ടിക്കുന്ന പ്രകോപനത്തിനെതിരെ ലോകരാഷ്ട്രങ്ങൾ പ്രതിഷേധത്തിലാണ്.










0 comments