ad
Deshabhimani

വ്യോമാക്രമണം തുടർന്ന് യുഎസ്; ശക്തമായി തിരിച്ചടിച്ച് ഇറാൻ

US Iran

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 24, 2026, 03:40 PM | 2 min read

ഇർബിൽ : പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇറാനിൽ തുടർച്ചയായ പതിമൂന്നാം ദിവസവും വ്യോമാക്രമണം തുടരുകയാണ് യുഎസ് സൈന്യം. ഇതിന് മണിക്കൂറുകൾക്ക് ശേഷം വെള്ളിയാഴ്ച ഇറാഖിലെ വടക്കൻ മേഖലയിലെ യുഎസ് താവളത്തിന് സമീപം തുടർച്ചയായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇർബിലിലെ യുഎസ് സൈനിക താവളത്തിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായും കറുത്ത പുക ഉയരുന്നത് കണ്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് നിലവിൽ മേഖലയിൽ യുഎസ് ആക്രമണങ്ങൾ തുടരുന്നത്.


പുതിയ ആക്രമണങ്ങൾ നാവികരെയും ഹോർമുസിലൂടെ കടന്നു പോകുന്ന വാണിജ്യ കപ്പലുകളെയും ഭീഷണിപ്പെടുത്തുന്ന ഇറാനെ ദുർബലപ്പെടുത്താനാണെന്നാണ് യുഎസ് സൈന്യത്തിന്റെ ന്യായീകരണം. അതേസമയം വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും 9 പേർക്ക് പരിക്കേറ്റതായും ഇറാനിലെ ദേശീയ മാധ്യമം അറിയിച്ചു. ഈ സംഭവങ്ങൾക്ക് പിന്നാലെ ഇറാനെതിരായ ആക്രമണങ്ങൾക്ക് ഇറാഖിലെ പ്രദേശങ്ങൾ ഉപയോ​ഗിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ-സെയ്ദി വ്യക്തമാക്കി.


ഇറാഖിലെ അഹ്വാസ് എന്ന പ്രദേശത്തും യുഎസ് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതുകൂടാതെ ലൊറെസ്ഥാൻ പ്രവിശ്യയിലും തുറമുഖ ന​ഗരമായ ബന്ദർ അബ്ബാസിലും വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഹോർമുസ് കടലിടുക്കിൽ ​ഗതാ​ഗതം നിയന്ത്രിക്കാനും ഫീസ് ഈടാക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28ന് യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതിന് മുൻപ് ഹോർമുസ് വഴിയുള്ള ​കപ്പൽ ​ഗതാ​ഗതം ടോൾ ഫ്രീയായിരുന്നു.


അതേസമയം അമേരിക്ക കൈവശം വെച്ചിരിക്കുന്ന ഇറാന്റെ സ്വത്തുവകകൾ യുദ്ധത്തിൽ നിന്നുള്ള ചെലവുകൾ പരിഹരിക്കുന്നതിന് ഉപയോ​ഗിക്കുമെന്ന് ട്രംപ് പുതിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. യുദ്ധം അവസാനിച്ച് സ്ഥിതി​ഗതികൾ പഴയപടിയായാൽ ആരുടെയും സ്വത്തുവകകൾ സുരക്ഷിതമായിരിക്കില്ലെന്നും തുടർന്നുണ്ടാകുന്ന സംഭവങ്ങൾ സമാധാനപരമായിരിക്കില്ലെന്നും അരാ​ഗ്ചി എക്സിൽ കുറിച്ചു. ഈ സംഭവങ്ങളോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ വർധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 100 യുഎസ് ഡോളറിലെത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home