സമാധാനം അകലെ: ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക

തെഹ്റാൻ: ഇറാനിൽ വെടിനിർത്തൽ ലംഘിച്ച് അമേരിക്ക. തെക്കൻ ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ് തുറമുഖത്തെ മിസൈൽ കേന്ദ്രമാണ് ആക്രമിച്ചത്.നിലവിൽ അമേരിക്കയുമായുള്ള കരാർ ചർച്ചയ്ക്കായി ഇറാൻ ഉന്നതതല സംഘം ഖത്തറിലെത്തിയിട്ടുണ്ട്.തുറമുഖത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഹോർമൂസ് കടലിടുക്കിന് സമീപവും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്നും അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാനെതിരെ സൈനിക നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം ഇറാൻ-അമേരിക്ക സമാധാന കാരാറിൽ അന്തിമ ധാരണയിലേയ്ക്ക് എത്തുന്നത് വൈകിയേക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതും ലെബനിലെ വെടിനിർത്തലും സംബന്ധിച്ച തർക്കങ്ങളാണ് കരാർ വൈകാൻ കാരണമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ എണ്ണയ്ക്കുള്ള ഉപരോധം പിൻവലിക്കാൻ അമേരിക്ക ഒരുക്കമാണെങ്കിലും സ്വത്ത് മരവിപ്പിച്ച തീരുമാനത്തിൽ കടുംപിടുത്തം തുടരുന്നതായാണ് റിപ്പോർട്ട്.










0 comments