ഉപരോധം മറികടക്കാൻ സൈനികശക്തി പ്രയോഗിക്കും; അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ : അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കാൻ സൈനികശക്തി ഉപയോഗിക്കുമെന്ന് ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പ്രതികരണം. അന്താരാഷ്‌ട്ര നിയമമനുസരിച്ച് ഒരു രാജ്യത്തിന് സ്വയം സംരക്ഷണം ഒരുക്കാൻ സൈനിക ശക്തി ഉപയോഗിക്കാനാകുമെന്നും വിദേശ മന്ത്രാലയ പ്രതിനിധി ഇസ്‌മായിൽ ബാഗേയി പറഞ്ഞു.
ഷെൻഷൻ ഉച്ചകോടിയ്ക്ക് മുൻപും ശേഷവും ഇറാൻ ചൈനയും റഷ്യയുമായി ചർച്ച നടത്തിയതായി ബാഗേയി പറഞ്ഞു. ഇരുരാജ്യങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും അമേരിക്ക പശ്ചിമേഷ്യയിൽ നടത്തുന്ന ആക്രമണങ്ങളെപ്പറ്റി ഇരുരാജ്യങ്ങളും വിമർശനാത്മകമായി ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഇ2ൻ പുനഃസ്ഥാപിക്കുമെന്നും ബാഗേയി അറിയിച്ചു.
അതേസമയം, ഏത് ഭീഷണിയേയും എപ്പോൾ വേണമെങ്കിലും നേരിടാൻ ഇറാൻ സജ്ജമാണെന്ന് റവല്യൂഷണറി ഗാർഡ് കോർപ്‌സ് ഡെപ്യൂട്ട് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മൊസ്‌തഫ ഇസാദി പ്രതികരിച്ചു. ഭൂമിശാസ്‌ത്രപരമായ അതിർവരന്പുകളില്ലാതെ അമേരിക്കയ്ക്ക് മറുപടി നൽകാനും ഇറാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പുതുവത്സരത്തിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്ന് ഭീഷണിയുമായി ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വീണ്ടും യുദ്ധപ്രഖ്യാപനവുമായി ട്രംപ് എത്തിയത്. ഇറാനുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്നും കാര്യമായ പുരോഗതിയില്ലാത്തത് തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ കൂടെ പോകുന്ന കപ്പലുകൾ നിരന്തരം ആക്രമിക്കപ്പെടുന്നതിനിടെയാണ് വീണ്ടും പ്രകോപന പരാമർശവുമായി ട്രംപ് എത്തിയത്. യുദ്ധത്തെത്തുടർന്ന് ഇറാനിലെ തുറമുഖങ്ങൾക്ക് ഉപരോധമേർപ്പെടുത്തിയിരുന്നു. ഇത് ഇറാൻ എന്തുവിലയും നൽകി മറികടക്കുമെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിച്ച് മുക്കികളയുമെന്നും ട്രംപ് ഭീഷണി മുഴക്കി.









0 comments