കരയുദ്ധത്തിന് തുനിഞ്ഞാൽ ആരും തിരിച്ചുപോകില്ല; ട്രംപിന് ഇറാന്റെ മറുപടി

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ ആധിപത്യമുറപ്പിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്കെതിരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പ്രതിരോധം ശക്തമാക്കി ഇറാൻ. പശ്ചിമേഷ്യയിൽ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വർധിക്കുന്നതിനിടെ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇറാൻ സൈനിക നേതൃത്വം പ്രഖ്യാപിച്ചു.
യുഎസ് സൈന്യം കരയുദ്ധത്തിനിറങ്ങിയാൽ ഒരാൾപോലും ജീവനോടെ തിരികെ പോകില്ലെന്ന് സേനാമേധാവി മേജർ ജനറൽ അമീർ ഹതാമി വ്യക്തമാക്കിയിരിക്കുകയാണ്. കരയുദ്ധത്തിന് സജ്ജരായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ശത്രുക്കളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഹതാമി പറഞ്ഞു. ഇറാനെതിരെ പ്രയോഗിക്കാൻ 2500 മറീനുകളെയും ആയിരക്കണക്കിന് പാരാട്രൂപ്പുകളെയും യുഎസ് പുതുതായി മേഖലയിൽ വിന്യസിച്ചിരുന്നു.
യുഎസ് - ഇസ്രയേൽ സഖ്യത്തിന്റെ കടന്നാക്രമണത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോക രാജ്യങ്ങളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോകത്തിന്റെ എണ്ണ വിപണിയുടെ ജീവനാഡിയായ ഈ കടൽപ്പാതയിൽ ഇറാന്റെ നിയന്ത്രണം കർശനമായതോടെ അമേരിക്കയും സഖ്യകക്ഷികളും കടുത്ത സമ്മർദത്തിലാണ്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി പശ്ചിമേഷ്യയിൽ വീണ്ടും അധിനിവേശത്തിന് ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന് കൃത്യമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടുത്താൻ ഇറാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉപരോധങ്ങൾ കടുപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. തങ്ങളുടെ അതിർത്തിക്കുള്ളിൽ വിദേശ സൈന്യത്തിന്റെ ഇടപെടൽ അനുവദിക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ആവർത്തിച്ചു.
അമേരിക്കൻ പ്രകോപനത്തെത്തുടർന്ന് മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നത് ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്നത് വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും. സമാധാനപരമായ ചർച്ചകൾക്ക് പകരം യുദ്ധാന്തരീക്ഷം സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ ഈ ഏകപക്ഷീയമായ കടന്നുകയറ്റത്തിനെതിരെ അറബ് രാജ്യങ്ങൾക്കിടയിലും പ്രതിഷേധം ഉയരുകയാണ്.
മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് വിവിധ അന്താരാഷ്ട്ര സംഘടനകൾ ആവശ്യപ്പെട്ടു. ഇറാനെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ അജണ്ടകൾ പശ്ചിമേഷ്യയെ വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചാണ് ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ഇതിനെതിരെ ആഗോളതലത്തിൽ വലിയ രീതിയിലുള്ള നയതന്ത്ര പ്രതിരോധം ഉയർന്നുവരുന്നുണ്ട്.
ഇസ്രയേലിനും യുഎസിനും മാനുഷിക - ധാർമിക മൂല്യങ്ങളില്ലെന്ന് ഇറാന്റെ പരമോന്നതനേതാവ് മുജ്താബ ഖംനേയി പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിൽ തകർന്ന പശ്ചാത്തലസൗകര്യങ്ങളുടെ പുനർനിർമാണത്തിനായി ദേശീയതലത്തിൽ കർമപരിപാടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപരിസ്ഥിതിദിനസന്ദേശത്തിൽ ഇറാൻ ജനതയോട് പ്രതീക്ഷയുടെ പ്രതീകമായി രാജ്യത്തുടനീളം തൈകൾ നടാനും മുജ്താബ ഖംനേയി ആഹ്വാനം ചെയ്തു.











0 comments