ad
Deshabhimani

ശമനമില്ല, ഇസ്രായേലിന് നേരെ ഇറാന്റെ പുതിയ മിസൈൽ ആക്രമണം

new wave of missiles
വെബ് ഡെസ്ക്

Published on Mar 24, 2026, 11:45 AM | 2 min read

ടെഹ്‌റാൻ/ജെറൂസലേം: ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. ഇസ്രായേലിന് നേരെ മിസൈൽ ആക്രമണ തരംഗം ആരംഭിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട ചർച്ച സംബന്ധിച്ച വാര്‍ത്തകൾ തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ സഹികെട്ടുള്ള പ്രതികരണം.


ചൊവ്വാഴ്ച പുലർച്ചെ മുതൽ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേലിന്റെ പ്രതിരോധ കവചങ്ങളെ ഭേദിച്ച് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയതായി ഇറാൻ അവകാശപ്പെട്ടു.


ടെൽ അവീവ്, ജെറൂസലേം എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. പലയിടങ്ങളിലും മിസൈലുകൾ പ്രതിരോധിച്ചതായും തകർന്ന മിസൈൽ അവശിഷ്ടങ്ങൾ വീണ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) ഈ ആക്രമണത്തെ തങ്ങളുടെ പ്രതിരോധ നടപടിയുടെ 78-ാം ഘട്ടമായി വിശേഷിപ്പിച്ചു. ദിമോണ,എയ്ലാത്ത് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് അവർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഇറാൻ മൂന്ന് ഘട്ടങ്ങളിലായാണ് (three waves) ഇസ്രായേലിന് നേരെ മിസൈലുകൾ വിക്ഷേപിച്ചത്.


ട്രംപ് ആക്രമിച്ചതും സമാധാനം പ്രഖ്യാപിച്ചതും ഏകപക്ഷീയമായി


ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും അതിനാൽ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഊർജ്ജ വിപണിയെ സ്വാധീനിക്കാനുള്ള "വ്യാജവാർത്ത" (Fake News)ആണെന്ന് ഇറാൻ പ്രതികരിച്ചു. ആഗോള എണ്ണവില വലിയ കുറവ് രേഖപ്പെടുത്തിയ ശേഷം വീണ്ടും തിരിച്ച് കയറുകയാണ്.


ഇറാനിയൻ ഉദ്യോഗസ്ഥനുമായി താൻ"വളരെ നല്ല"ചർച്ചകൾ നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇറാനുമേൽ നടത്താനിരുന്ന പുതിയ ആക്രമണ പദ്ധതികൾ അഞ്ച് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു എന്നും അറിയിച്ചു. സര്‍വ്വ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് വെനിസ്വേലയിൽ നടത്തിയ കടന്നു കയറ്റത്തിന് പിന്നാലെയാണ് ഇസ്രയേലുമായി ചേര്‍ന്ന് ഇറാനെ തകര്‍ക്കാനുള്ള ശ്രമം യു എസ് ഭരണകൂടം ആരംഭിച്ചത്.


യുദ്ധം വ്യാപിക്കുന്നു


ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ ശക്തമായ ബോംബിംഗ് തുടരുകയാണ്. ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശിച്ച ശേഷമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ എന്ന് ഇസ്രായേൽ സൈനിക വക്താവ് എല വാവയ വ്യക്തമാക്കി.


ഇറാന്റെ മിസൈലുകൾ പ്രതിരോധിക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ (shrapnel) പതിച്ച് കുവൈറ്റിൽ വൈദ്യുതി ബന്ധം ഭാഗികമായി തടസ്സപ്പെട്ടു. കൂടാതെ, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 19 ഇറാനിയൻ ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ക്രൂഡ് ഓയിൽ വീണ്ടും 104 കടന്നു


ഇറാന്റെ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ പുതിയ മിസൈൽ ആക്രമണത്തോടെ വീണ്ടും ഉയർന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളറിലേക്ക് എത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home