print edition ട്രംപിന്റെ ഭീഷണിയോട് രൂക്ഷപ്രതികരണം; ഹോർമുസ് പൂർണമായും അടച്ചിടുമെന്ന് ഇറാൻ

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ : ഉൗർജകേന്ദ്രങ്ങളെ ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയോട് രൂക്ഷമായി പ്രതികരിച്ച് ഇറാൻ. ആക്രമണമുണ്ടായാൽ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇസ്‌ലാമിക്‌സ് റവല്യൂഷണറി ഗാർഡ് കോർ(ഐആർജിസി) പ്രതികരിച്ചു. ഇസ്രയേലിന്റെ ആണവ–ഉൗർജ നിലയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിവര, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവ വ്യാപകമായി ലക്ഷ്യമിടുമെന്നും യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ സമാന കമ്പനികൾ പൂർണമായും നശിപ്പിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി.
യുഎസിന് സൈനികതാവളങ്ങൾ നൽകുന്ന മേഖലയിലെ രാജ്യങ്ങളിലെ ഉൗർജ കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്നും ഐആർജിസി വ്യക്തമാക്കി. ഇറാനുനേരെയുള്ള പ്രകോപനം തുടർന്നാൽ സംയമനം പ്രതീക്ഷിക്കരുതെന്നും ശക്തമായി പ്രതിരോധിക്കുമെന്നും വിദേശ വക്താവ് ഇസ്‌മയിൽ ബാഗേയിയും പറഞ്ഞു. ഇതിനിടയിലും തെഹ്‌റാനിലും ഇറാന്റെ വിവിധ മേഖലകളിലും വ്യാപക ആക്രമണങ്ങളുണ്ടായി. അതേസമയം ഇറാനുനേരെയുള്ള യുദ്ധത്തിന് ജിസിസി രാജ്യങ്ങൾ ഉത്തരവാദികളാണെന്ന ഇറാന്റെ പ്രസ്‌താവനയെ തള്ളി ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) രംഗത്തെത്തി.
ഇറാന്റെ വാദം അടിസ്ഥാനമില്ലാത്തതാണെന്ന് ജിസിസി പ്രതികരിച്ചു. തുടർച്ചയായി ജിസിസി രാജ്യങ്ങളെയും എണ്ണസംഭരണകേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നത് അപലപനീയമാണെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രതികരിച്ചു.
ലെബനനിൽ കരയാക്രമണം വ്യാപിപ്പിക്കുന്നു
തെക്കൻ ലെബനനിലെ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ഹിസ്‌ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം എന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും ജനവാസമേഖലകളിലടക്കം ആക്രമണം കടുപ്പിക്കുകയാണ്.
ഹിസ്‌ബുള്ളയുടെ റദ്‌വാൻ സേനയുടെ കമാൻഡറായ അബു ഖലീൽ ബാർജി ഉൾപ്പെടെ 12 സേനാംഗങ്ങളെ വധിച്ചു. ബെയ്‌റൂത്തിലടക്കം വിവിധയിടങ്ങളിൽ വ്യോമാക്രമണങ്ങളുണ്ടായി. ശനിയാഴ്‌ച 20 പേർ കൊല്ലപ്പെട്ടു. ഹമാസ് നേതാവായ വാലിദ് മുഹമ്മദ് ദിബിനെയും ലെബനനിൽ വച്ച് വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.










0 comments