'അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി വിശ്വാസമില്ല': ഇറാൻ

തെഹ്‌റാൻ: അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി വിശ്വാസമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. മുൻപ് നടന്ന ചർച്ചകളുടെയെല്ലാം ബാക്കിപത്രം ഉപരോധമോ ആക്രമണമോ ആയിരുന്നു. ട്രംപിന്റെ സമാധാനചർച്ചകളിൽ ഒന്നുപോലും വാക്കുപാലിച്ചവയായിരുന്നില്ല.
ഹോർമുസ് കടലിടുക്ക് തടഞ്ഞത് ഇറാനല്ല. അമേരിക്കയാണ് തങ്ങളുടെ ഭാഗത്തേക്കുന്ന പാതകളെല്ലാം അടച്ചിട്ടത്. ഇതും ഒരു സമാധാനചർച്ചയ്ക്ക് ശേഷം ചെയ്തതാണ്. യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ധാരണയിലെത്തിയാൽ വാണിജ്യ കപ്പലുകൾക്ക് സഞ്ചരിക്കാനായി ഹോർമുസ് തുറക്കാൻ ഇറാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഏഴുദിന കർമപദ്ധതി മുന്നോട്ടുവച്ചിരുന്നു. ഇത് കഴിഞ്ഞദിവസം ട്രംപ് നിരസിക്കുകയായിരുന്നു.
യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ വെച്ചാണ് യുഎസിന് മുന്നിൽ പുതിയ നിർദേശങ്ങൾ വെക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചത്. തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് തുറന്ന് സമുദ്രപാത പുനസ്ഥാപിക്കാൻ കഴിയും.
യുഎസിന്റെ തീരുമാനമാണ് ഇനി അറിയേണ്ടത്. ഭീഷണിപ്പെടുത്തലുകളോ ബലപ്രയോഗങ്ങളോ ഇറാൻ അംഗീകരിക്കില്ല. ഒരു കരാറിലെത്താനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുഎസിന് ആഗ്രഹമുണ്ടെങ്കിൽ ഇതാണ് അവസരം, അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ നിർദേശം പൂർണമായും ട്രംപ് തള്ളിയെന്നാണ് റിപ്പോർട്ടുകൾ. സമുദ്രഗതാഗതത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുക, ശത്രുതാപരമായ നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎസിന് മുന്നിൽ വെച്ച നിർദേശങ്ങളിൽ പ്രധാനമായും പറയുന്നത്.







0 comments