ad
Deshabhimani

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ; നിലപാട് വ്യക്തമാക്കി പ്രസിഡന്റ്

Iran.jpg
വെബ് ഡെസ്ക്

Published on Mar 12, 2026, 03:20 PM | 1 min read

തെഹ്‌റാൻ: അമേരിക്കയുമായും ഇസ്രയേലുമായും നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങൾ അംഗീകരിക്കുക എന്നതാണ് ഇതിൽ പ്രധാനമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി.


റഷ്യൻ, പാകിസ്ഥാൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങൾ പൂർണ്ണമായും അംഗീകരിക്കുക. യുദ്ധം മൂലം രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.


ഭാവിയിൽ ഇറാന് നേരെ അധിനിവേശമോ ആക്രമണമോ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് നിബന്ധനകൾ. അമേരിക്കയും ഇസ്രയേലുമാണ് ഈ യുദ്ധത്തിന് തിരികൊളുത്തിയതെന്ന് പെസെഷ്കിയൻ പറഞ്ഞു.


മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇരാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഉപാധികളില്ലാത്ത കീഴടങ്ങലിന് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ സാമ്പത്തിക കേന്ദ്രങ്ങൾക്കോ തുറമുഖങ്ങൾക്കോ നേരെ ആക്രമണമുണ്ടായാൽ മേഖലയിലെ എല്ലാ തുറമുഖങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സായുധ സേനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പന്ത്രണ്ട് ദിവസമായി തുടരുന്ന കനത്ത ബോംബാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മകൻ മുജ്‌തബ ഖമനേയിയെ പുതിയ പരമോന്നത നേതാവായി തീരാനെജെടുക്കുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ മുന്നോട്ടുവെച്ച ഈ നിർദ്ദേശങ്ങൾ നയതന്ത്ര തലത്തിൽ ഏറെ നിർണ്ണായകമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home