Deshabhimani

റേഷൻ കാർഡുകൾ മരവിപ്പിക്കൽ: 18 ലക്ഷം പേർ പുറത്താകും

Ration Card
avatar
സ്വന്തം ലേഖകൻ

Published on Oct 01, 2026, 07:22 AM | 1 min read

തിരുവനന്തപുരം: തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത ആറുലക്ഷത്തോളം കുടുംബങ്ങളുടെ കാർഡ്‌ വെട്ടാനുള്ള നീക്കം 18 ലക്ഷത്തോളം പേർക്ക്‌ തിരിച്ചടിയാകും. റേഷൻ പട്ടികയിൽനിന്ന്‌ പുറത്താകുന്നതിനൊപ്പം സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്കുള്ള അർഹതയെയും ബാധിച്ചേക്കും. ഒക്‌ടോബർ ഒന്നുമുതൽ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ നൽകിയ നിർദേശം. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരെയാണ്‌ കാർഡിൽനിന്ന്‌ നീക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതെങ്കിലും താൽക്കാലികമായി നാട്ടിൽനിന്ന്‌ മാറിനിൽക്കുന്നവരും ഇതിലുണ്ടാകാം. മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക്‌ കാർഡുകളുമായി ബന്ധപ്പെട്ടാണ്‌ കേന്ദ്ര നിർദേശം. വെള്ള‍, നീല കാർഡുകളിൽ സംസ്ഥാനത്തിന്‌ തീരുമാനമെടുക്കാം.


കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച സ്‌മാർട്ട്‌ –പിഡിഎസ്‌ പദ്ധതി ഭാഗമായി സർക്കാർ നടപടിക്ക്‌ വിധേയരാകുന്ന മഞ്ഞക്കാർഡുടമകളുടെ എണ്ണം 5370 ആണ്‌. 38,909 പിങ്ക്‌ കാർഡുകാരും 4,40,811 വെള്ളകാർഡുകാരും 1,21,683 നീല കാർഡുകാരുമാണുള്ളത്‌. കേന്ദ്രനിർദേശം മുൻനിർത്തി ഇവരെ ഒഴിവാക്കാനുള്ള നടപടിയിലാണ്‌ സംസ്ഥാനസർക്കാർ. എന്നാൽ, കാർഡുകൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറയുന്നത്‌.


എല്ലാ മാസവും 21ന്‌ നിശബ്‌ദ കാർഡുടമകളെ കണ്ടെത്തണമെന്ന്‌ പൊതുവിതരണ ഉപഭോക്തൃ കമീഷണർ ഉത്തരവിറക്കിയിരുന്നു. തൊട്ടടുത്ത മാസം ഒന്നാംതീയതി മുതൽ ഇ‍ൗ കാർഡുകൾ പ്രവർത്തനരഹിതമാക്കും. ഇവർക്ക്‌ പിന്നീട്‌ പ്രതിമാസ റേഷൻ വിഹിതം ലഭിക്കില്ല. മൂന്ന്‌ മാസത്തിനുള്ളിൽ കാർഡിലെ എല്ലാ ഗുണഭോക്താക്കളും ഇകെവൈസി പൂർത്തിയാക്കിയാലേ കാർഡ്‌ വീണ്ടും പ്രവർത്തനസജ്ജമാകൂ.

മുൻഗണനാ കാർഡുകളായ മഞ്ഞയും പിങ്കും കൂട്ടത്തോടെ ഒഴിവാക്കിയാൽ കേന്ദ്രവിഹിതത്തിൽ കുറവുണ്ടാകുമെന്ന ആശങ്ക കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു. കാർഡുകളുടെ എണ്ണം കുറഞ്ഞത്‌ ചൂണ്ടിക്കാട്ടി കേന്ദ്രവിഹിതം വെട്ടിച്ചുരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home