ഗാന്ധിയെന്ന പാഠം

ഗാന്ധിജിയെ ഓർക്കാം
ചിത്രകാരൻ
എബി എൻ ജോസഫിന്റെ
വാക്കിലൂടെയും വരയിലൂടെയും
ജീവിതത്തെ ജീവിച്ചുകൊണ്ടാണറിയുന്നത്. വെള്ളത്തിലിറങ്ങിയാണ് നീന്താൻ പഠിക്കുന്നത്. അനുഭവത്തിനും അനുശീലനത്തിനും രണ്ടു കംപാർട്ടുമെന്റുകളില്ല. പരിസരത്തുനിന്ന് ആർജിക്കുന്ന അറിവും അനുഭവങ്ങളുമാണ് ഒരാളുടെ വ്യക്തിവിശേഷത്തെ സഹായിക്കുന്നത്. അത്, പരിസരത്തെ മാറ്റിമറിക്കുന്നതിനും കാരണമാകും. അതിനാൽ മഹാത്മാഗാന്ധി , ജീവിതത്തെ ഒരു പരീക്ഷണശാലയായി കണ്ടു.
വൈറ്റ് സിറ്റിയിൽ പിറന്ന കുട്ടി
തൊഴിൽ, ജാതിവ്യവസ്ഥ, ബ്രിട്ടീഷ് ഏജന്റുമാർ നിയന്ത്രിക്കുന്ന നാട്ടുരാജ്യങ്ങൾ, സംസാരഭാഷയ്ക്കുമേലെ ഇംഗ്ലീഷ് എന്ന ഭരണ-വ്യവഹാര ഭാഷ എന്നിങ്ങനെ പരസ്പരം ചേർന്നും ചേരാതെയുമുള്ള നിരവധി ഘടകങ്ങളുടെ സ്വാധീനം രാജ്യത്തെവിടെയുമെന്നതുപോലെ ഗുജറാത്തിലെ പോർബന്തറിലുമുണ്ടായിരുന്നു. വെളുത്തകല്ലുകൾ കൊണ്ട് നിർമിച്ച കെട്ടിടങ്ങൾ നിറഞ്ഞ പോർബന്തറിന് ‘വൈറ്റ് സിറ്റി’ എന്നൊരു പേരുണ്ട്. അവിടെയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. 1869 ഒക്ടോബർ 2.
നന്മയെ സ്വാംശീകരിച്ച വ്യക്തിത്വം
പോർബന്തർ ലോകത്തിനുനേർക്ക് തുറന്നുവച്ച തുറമുഖനഗരം. ഭിന്നദേശക്കാരും ഭാഷക്കാരും മതക്കാരും ആ പടികടന്നു വന്നു. ക്രിസ്ത്യൻ മിഷനറിമാർ, സൂഫി സന്യാസിമാർ, ജൈന ബുദ്ധ ഭിക്ഷുക്കൾ, സ്വരാഷ്ട്രീയന്മാർ, മൗലവിമാർ അങ്ങനെ പലരും അവിടെ വന്നുചേർന്നു. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച വൈഷ്ണവ മതം ഇവിടെ വേരുപടർത്തി. രാമാനുജൻ, ചൈതന്യ മഹാപ്രഭു, ജയദേവൻ, മീര, സൂർ, കബീർ, ആഴ്‌വാർ, ജ്ഞാനദേവ്, തുക്കാറാം, നരസിംഹ മേത്ത ( വൈഷ്ണവ ജനതോം ജെനേ കഹിയജ....എന്നു തുടങ്ങുന്ന ഭജനഗീതം രചിച്ചത് ഇദ്ദേഹമാണ്.)
അങ്ങനെ ഭക്തിയും വിശ്വാസവും ആത്മീയതയും അടിമുടി സ്വാധീനിച്ചിരുന്ന ഒരു ജനത മുന്പ് ഗുജറാത്തിലുണ്ടായിരുന്നു. അവർ പരസ്പരം വിശ്വസിച്ചും സ്നേഹിച്ചും സഹകരിച്ചും ജീവിച്ചുവെന്ന് നാമറിയണം. ഒരു വ്യക്തി, സമൂഹത്തിന്റെ വിശ്വാസമാർജിക്കുന്നതും അവരുടെ നേതൃത്വം ഏറ്റെടുക്കുന്നതും എങ്ങനെയെന്നറിയാൻ ഗാന്ധി ജീവിതം മികച്ച ഉദാഹരണമാണ്.
രാജ്യത്തെ നയിച്ച അന്തർമുഖൻ
മോഡ് വണിക സമുദായത്തിൽ ജനിച്ച മോഹൻദാസിന് കടൽ കടന്നുപോകാൻ അനുവാദമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിൽ ഉന്നത വിദ്യാഭ്യാസം ചെയ്യാൻ പുറപ്പെട്ട ആ യുവാവിനെ സമുദായം പുറത്താക്കി. സമുദായത്തെ അദ്ദേഹവും ഉപേക്ഷിച്ചു. ഗാന്ധിജിയുടെ എല്ലാ വിദേശയാത്രകളും പിന്നീട് ചരിത്രത്തിന്റെ ഭാഗമായി.
ഗാന്ധിജി അന്തർമുഖനായിരുന്നു. ബാരിസ്റ്റർ കുപ്പായമണിഞ്ഞതിനുശേഷവും ഭീരുത്വം അദ്ദേഹത്തെ വിട്ടുമാറിയില്ല. സമൂഹത്തെയും തന്നെത്തന്നെയും ഭയക്കുന്ന മാനസികനിലയെ അദ്ദേഹം തരണം ചെയ് തത് സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങിനിന്നുകൊണ്ടാണ്.
അവകാശസമരങ്ങളുടെ നായകൻ
ഗാന്ധിജി ധാരാളം എഴുതി. ഇന്ത്യൻ ഒപ്പീനിയൻ, നവജീവൻ, യങ് ഇന്ത്യ, ഹരിജൻ, ഹരിജൻ ബന്ധു, ഹരിജൻ സേവക് എന്നിങ്ങനെയുള്ള പത്രങ്ങളും അദ്ദേഹം നടത്തി. പരസ്യം സ്വീകരിക്കാതെ പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ ഗാന്ധിജി തയ്യാറായി. നിലപാടുകൾ ഒരു വിധത്തിലും സ്വാധീനിക്കപ്പെടരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയിൽനിന്ന് 1915 ൽ മടങ്ങിയെത്തിയ മഹാത്മാവ് ആദ്യം ഏറ്റെടുത്തത് നീലം കൃഷിക്കാരുടെ അവകാശസമരമായിരുന്നു. ഒടുവിൽ, സ്വാതന്ത്ര്യലബ്ധിക്കുശേഷമുണ്ടായ സാമുദായിക കലാപങ്ങളെ അവസാനിപ്പിക്കാനുള്ള നിരാഹാര സത്യഗ്രഹംവരെയുള്ള നിരവധിയായ പോർമുഖങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു.
ഇന്നും മുഴങ്ങുന്നു ഹേ.. റാം
ഗാന്ധിജി മൂല്യങ്ങൾ കടമെടുത്തു. യേശുവും ജൈനനും ബുദ്ധനും അദ്ദേഹത്തെ സ്വാധീനിച്ചു. ടോൾസ്റ്റോയിയും ഐൻസ്റ്റിനും ചാർളി ചാപ്ലിനും അദ്ദേഹത്തിന് സുഹൃത്തുക്കളായിരുന്നു. സമരങ്ങളെ ചിട്ടപ്പെടുത്തി. സർഗാത്മകമായ ഒരു ദർശനത്തിന് രൂപംകൊടുത്തു. അദ്ദേഹം സന്ദേഹിയായിരുന്നു. ഏതൊരു കാര്യത്തെക്കുറിച്ചും താൻ രണ്ടഭിപ്രായം പറഞ്ഞാൽ, ശരി ഒടുവിൽ പറഞ്ഞതാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്രാജ്യത്വത്തിനെതിരെ സമരം നയിച്ച മഹാത്മാവ് കൊല്ലപ്പെട്ടത് സ്വതന്ത്ര ഇന്ത്യയിലാണ്. കൊല്ലുന്നയാൾ ജയ് ശ്രീരാം എന്നും കൊല്ലപ്പെടുന്നയാൾ ഹേ റാമെന്നും വിളിക്കുന്ന വിചിത്രമായ ഒരു ചരിത്രമുഹൂർത്തത്തെ അന്ന് ലോകം പരിചയപ്പെട്ടു. കൂപ്പിയ കൈകളും നമസ്തേ എന്ന അഭിവാദ്യവും മൂന്ന് വെടിയുണ്ടകളും ചേർന്നാണ് ആ ദയാരഹിത ദൃശ്യത്തെ വരച്ചുചേർത്തത്.








0 comments