ad
Deshabhimani

ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം

Bahrain.jpg
വെബ് ഡെസ്ക്

Published on Mar 02, 2026, 07:29 PM | 1 min read

മനാമ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാന്റെ രൂക്ഷമായ മിസൈലാക്രമണം. മനാമയിലെ നാവിക താവളത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പ്ലാനറ്റ് ലാബ്‌സ് പിബിസി പുറത്തുവിട്ടു.


ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി നടന്ന ആക്രമണത്തിൽ താവളത്തിലെ പ്രധാന കെട്ടിടങ്ങൾക്കും ആശയവിനിമയ സംവിധാനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്.


ഇറാൻ തൊടുത്തുവിട്ട 61 മിസൈലുകളും 34 ഡ്രോണുകളും തങ്ങൾ തടഞ്ഞതായി ബഹ്‌റൈൻ അവകാശപ്പെട്ടെങ്കിലും ചില മിസൈലുകൾ പ്രതിരോധം ഭേദിച്ച് താവളത്തിൽ പതിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് മനാമയിലെ താമസമേഖലകളിൽ മിസൈൽ ചില്ലുകൾ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.


ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കും എതിരെ ഇറാൻ പ്രഖ്യാപിച്ച തിരിച്ചടിയുടെ ഭാഗമാണിതെന്ന് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. യുഎസ് നാവികസേനയുടെ 20 ലധികം യുദ്ധക്കപ്പലുകളും 16,000 സൈനികരുമുള്ള തന്ത്രപ്രധാനമായ താവളമാണിത്.


സംഘർഷം കണക്കിലെടുത്ത് യുഎസ് കപ്പലുകൾ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈന് പുറമെ സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെ ബഹ്‌റൈനിലെ സ്കൂളുകളും ഓഫീസുകളും താൽക്കാലികമായി അടച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home