അമേരിക്കൻ ഉപരോധം: ഇറാന് നഷ്ടമായത് 480 കോടി ഡോളറിന്റെ എണ്ണവരുമാനം

യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയിരുന്ന ആക്രമണം
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ ഇറാനെ സാമ്പത്തികമായി തളച്ച് അമേരിക്കയുടെ നീക്കം. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഇറാന് 480 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) എണ്ണവരുമാനം നഷ്ടമായതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ അസംസ്‌കൃത എണ്ണയുടെ കയറ്റുമതി തടയാൻ അമേരിക്ക ശക്തമായ കടൽയാത്ര ഉപരോധം ഏർപ്പെടുത്തിയതാണ് ഈ തിരിച്ചടിക്ക് കാരണം.
ഇറാനുമേൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണം മുറുകുന്നതിനിടെ ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിങ്ടൺ ഉപരോധം കടുപ്പിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലും ചെങ്കടലിലുമുള്ള ചരക്ക് നീക്കത്തിന് അമേരിക്കൻ നാവികസേന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇറാന്റെ എണ്ണക്കപ്പലുകൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണത്തെ ഇത് കാര്യമായി ബാധിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കയറ്റുമതിയിൽ 30 ശതമാനത്തോളം കുറവുണ്ടായതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇറാന്റെ എണ്ണ വിപണിയിലെ ഈ സ്തംഭനാവസ്ഥ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമാകുന്നുണ്ട്.
വിതരണ ശൃംഖലയിലുണ്ടായ കുറവ് കാരണം അന്താരാഷ്ട്ര വിപണിയിൽ ബാരലിന് വില ഉയരുകയാണ്. ഇന്ധനവില വർധിക്കുന്നത് വികസ്വര രാജ്യങ്ങളിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നു. സാമ്പത്തിക ഉപരോധത്തെ മറികടക്കാൻ ഇറാൻ ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും അമേരിക്കയുടെ നടപടികൾ ലോകവിപണിയിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി രൂക്ഷമാക്കുകയാണ്.











0 comments