ബോംബുകള്‍ക്ക് മുന്നില്‍ തോല്‍ക്കാതെ ; സധൈര്യം ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകര്‍

വാര്‍ത്താ അവതാരക സഹർ ഇമാനിയെ അഭിനന്ദിച്ചുള്ള സമൂഹമാധ്യമപോസ്റ്റ്
തെഹ്‌റാൻ
ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തപ്പോള്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെടാനല്ല ശ്രമിച്ചത്. തകര്‍ന്ന സ്റ്റുഡിയോയില്‍ ഇരുന്ന് അവര്‍ ഇറാനിലെ ജനങ്ങളുടെ ശബ്ദം ലോകമെമ്പാടും എത്തിച്ചു. വാര്‍ത്താ അവതാരക സഹർ ഇമാനി അടക്കമുള്ള ഇറാനിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ധീരതയെ പ്രകീർത്തിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍ നിറയുന്നു.
ഇസ്രയേലിന്റെ ബോംബറുകള്‍ ആക്രമണം തുടങ്ങിയതിന്റെ വാര്‍ത്ത സഹർ ഇമാനി തത്സമയ അവതരിപ്പിക്കെയാണ് സ്ഫോടനത്തില്‍ സ്റ്റുഡിയോ ഉലഞ്ഞത്. സ്‌ഫോടനശബ്ദവും ന്യൂസ് സ്‌റ്റുഡിയോ അപ്പാടെ കുലുങ്ങുന്നതും തത്സമയ സംപ്രേഷണത്തിൽ വ്യക്തമായി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മുറിയുടെ ചുവരിൽനിന്ന് ചെറുപാളികൾ ഇളകി വീഴുന്നതും ലോകം കണ്ടു. കാമറയുടെ മുന്നില്‍ നിന്ന് മാറിയെങ്കിലും അൽപ്പസമയത്തിനകംതന്നെ അവര്‍ സ്‌റ്റുഡിയോയിൽ തിരിച്ചെത്തി വാർത്താ അവതരണം തുടർന്നു. മിസൈൽ ലക്ഷ്യംതെറ്റി പതിച്ചതല്ലെന്നും, വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനത്തെ ലക്ഷ്യമാക്കി സയണിസ്‌റ്റ് സൈന്യം മിസൈൽ തൊടുത്തതാണെന്നും അവർ പറഞ്ഞു. മാധ്യമപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള ആക്രമണമാണ് ഇസ്രയേൽ സൈന്യം നടത്തിയതെന്ന അവരുടെ വാക്കുകൾ അറബ് ലോകം ഏറ്റെടുത്തു. ഫുഡ് എൻജിനിയറിങ് വിദഗ്‌ധയായ സഹർ ഇമാനി 2010ലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. ഇറാനിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ്.








0 comments