നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാൻ; മിസൈലാക്രമണം നടത്തിയെന്ന് അവകാശവാദം

ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് വൻ മിസൈലാക്രമണം നടത്തിയെന്ന് അവകാശവാദം.
സ്വദേശീയമായി വികസിപ്പിച്ച 'ഖൈബർ' ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണങ്ങൾക്കുള്ള പത്താം ഘട്ട തിരിച്ചടിയാണിതെന്ന് ഐആർജിസി അറിയിച്ചു.
നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഇസ്രയേൽ വ്യോമസേനാ മേധാവി താമസിക്കുന്ന സ്ഥലവും ലക്ഷ്യം വെച്ചിരുന്നു. ആക്രമണത്തിൽ നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നുമാണ് ഇറാൻ വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ഇറാന്റെ അവകാശവാദം ഇസ്രയേൽ തള്ളിക്കളഞ്ഞു. ആക്രമണം അതിശയോക്തിപരമാണെന്നും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നുമാണ് ഇസ്രയേലിന്റെ ഔദ്യോഗിക നിലപാട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇതിനോടകം തന്നെ ഇറാന്റെ പത്തിലധികം നഗരങ്ങളിൽ യുഎസ്-ഇസ്രയേൽ സഖ്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്.
ഇതിന് മറുപടിയായി ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽ അവീവ്, ഹൈഫ, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തുവിടുന്നുണ്ട്.










0 comments