print edition ദുബായിലും അബുദാബിയിലും ഡ്രോൺ ആക്രമണം

മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെയും കടന്നാക്രമണത്തോട് ഇറാൻ ശക്തമായി പ്രതികരിക്കെ മൂന്നാം ആഴ്‌ചയിലും ഗൾഫ് മേഖല കലുഷിതം. തിങ്കളാഴ്‌ച ദുബായിലും അബുദാബിയിലും ഫുജൈറയിലും ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കിൽ തീപിടിച്ചതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.
ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. യുഎഇയിലെ നിർണായക ഊർജ കേന്ദ്രങ്ങളിലൊന്നായ ഫുജൈറ തുറമുഖത്തിനടുത്തുള്ള എണ്ണ വ്യവസായ മേഖലയിലും ഡ്രോൺ ആക്രമണമുണ്ടായി. പെട്രോകെമിക്കൽസ് സമുച്ചയത്തിനാണ് തീപിടിച്ചത്. ആക്രമണത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ഫുജൈറയിൽനിന്നുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
തിങ്കൾ രാവിലെ അബുദാബിയിലെ അൽബഹ്യ പ്രദേശത്തെ വാഹനത്തിൽ മിസൈൽ പതിച്ച് വഴിയാത്രക്കാരനായ പലസ്‌തീൻ പൗരൻ കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇതുവരെ ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും തകർത്തതായി യുഎഇ സൈന്യം അറിയിച്ചു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 64 ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിനുനേരെ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ ഇന്ധനം നിറക്കുന്ന വിമാനങ്ങൾക്ക് നാശനഷ്‌ടമുണ്ടായി.
ബഹ്‌റൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 129 ബാലിസ്റ്റിക് മിസൈലുകളും 215 ഡ്രോണുകളും നശിപ്പിച്ചതായി ബഹറൈൻ പ്രതിരോധ സേന ജനറൽ കമാൻഡ് അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ ആവശ്യപ്പെട്ടു.










0 comments