ad
Deshabhimani

മസ്കിന്റെ സ്റ്റാർലിങ്ക് 'ലക്ഷ്യമെന്ന്' ഇറാൻ; ​ഗൾഫ് രാജ്യങ്ങളിലെ സാന്നിധ്യത്തിന്റെ ​ഗ്രാഫിക്സ് പുറത്തുവിട്ടു

Elon Musk Starlink fars news

സ്റ്റാർലിങ്ക്, ഫാർസ് ന്യൂസ് പുറത്തുവിട്ട ഇൻഫോ​ഗ്രാഫിക്സ്, ഇലോൺ മസ്ക്

വെബ് ഡെസ്ക്

Published on Apr 01, 2026, 06:26 AM | 2 min read

തെഹ്റാൻ: യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് മേഖല " ലക്ഷ്യങ്ങളിൽ" ഒന്നാണെന്ന് ഇറാൻ. ബഹ്‌റൈൻ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന്റെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' ഒരു ഇൻഫോഗ്രാഫിക് പ്രസിദ്ധീകരിച്ചു.





ഇറാനിൽ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നിരുന്നാലും, സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിനിടയിലും ആശയവിനിമയത്തിനായി ചില ഇറാനികൾ ഈ സേവനം ഉപയോഗിക്കുന്നുണ്ട്.


അതേസമയം, ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽപോലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് തുറക്കാനുള്ള നീക്കം പിന്നീടാകാമെന്നും ട്രംപ് തന്റെ സഹായികളോട് പറഞ്ഞതായി വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്ചെയ്‌തു. തന്ത്രപരമായ വാണിജ്യപാത തുറക്കാനുള്ള സൈനികനീക്കം ഒന്നരമാസത്തിലധികം നീളുമെന്നും വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ബോധ്യപ്പെട്ടതോടെയാണ് മനംമാറ്റമെന്നും റിപ്പോർട്ടിലുണ്ട്.


ഇറാന്റെ നാവികസേനയെ തളർത്തുക, മിസൈൽ ശേഖരം നശിപ്പിക്കുക എന്നീ പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ച ശേഷം അവസാനിപ്പിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിനുശേഷം വ്യാപാരം പുനരാരംഭിക്കാമെന്നും ഇറാനുമേൽ നയതന്ത്രപരമായ സമ്മർദം ചെലുത്താമെന്നും ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


ഈ നീക്കം പരാജയപ്പെട്ടാൽ മാത്രം ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് സംയുക്ത നീക്കം നടത്താൻ യൂറോപ്പിലെയും ഗൾഫിലെയും സഖ്യകക്ഷികൾക്കുമേൽ സമ്മർദം ശക്തമാക്കാമെന്നാണ് ട്രംപിന്റെ നിലപാടെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടുചെയ്‌തു.


ഇറാൻ സൈനിക നടപടിക്കായി പരമാവധി ഒന്നരമാസംവരെയാണ് അമേരിക്ക സമയപരിധി നിശ്ചയിച്ചിരുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. സൈനിക നടപടിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കുവൈത്ത്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ അറബ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടേക്കാമെന്ന സൂചനയും നൽകി.


ഇറാൻ കടന്നാക്രമണവുമായി ബന്ധപ്പെട്ട് പരസ്‌പരവിരുദ്ധമായ നിലപാടാണ് ട്രംപിന്റേത്. ഹോർമുസ് തുറന്നില്ലെങ്കിൽ, ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ ബോംബിടുമെന്ന അന്ത്യശാസനം ട്രംപ് പലതവണ നീട്ടിക്കൊണ്ടുപോയി. ഇറാനുമായി ചർച്ച നടത്തുന്നുവെന്ന് അവകാശപ്പെട്ട ട്രംപ് ഇറാന്റെ എണ്ണദ്വീപായ ഖാർഗ് പിടിച്ചെടുക്കാനുള്ള ആഗ്രഹവും പങ്കുവച്ചു.


കരയുദ്ധത്തിനടക്കം സംയുക്ത സൈനികനീക്കത്തിന് യൂറോപ്യൻ സഖ്യകക്ഷികൾ തയ്യാറാകാത്തതോടെയാണ് നിലപാട് മയപ്പെടുത്തുന്നത്. ഹോർമുസ് അടച്ചതോടെ യൂറോപ്പിലാകെ ഇന്ധനവിതരണം തടസ്സപ്പെടുന്നതും ട്രംപിന് തലവേദനയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home