ad
Deshabhimani

അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ച് ഇറാൻ; ഹോർമുസിൽ ചരക്ക് നീക്കത്തിന് ടോൾ

Hormuz Ship

ഹോ‌ർമുസ് കടലിടുക്കിലൂടെ കടന്നു പോകന്ന ബോട്ട് (Photo Credit - REUTERS/Amr Alfiky/File Photo)

വെബ് ഡെസ്ക്

Published on Apr 23, 2026, 04:52 PM | 1 min read

തെഹ്റാൻ : അമേരിക്കയുടെ ശക്തമായ നാവിക ഉപരോധം നിലനിൽക്കെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ നിന്ന് ആദ്യമായി വരുമാനം സമാഹരിച്ച് ഇറാൻ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്കുപാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീ ഇനത്തിലുള്ള ആദ്യ വരുമാനം ഇറാൻ സ്വീകരിച്ചു. അമേരിക്കൻ ഭീഷണികളെ വകവെക്കാതെ പിരിച്ചെടുത്ത തുക ഇറാന്റെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ ഹാജി ബാബായി അറിയിച്ചു.


ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ട്രംപ് ഭരണകൂടം നടത്തുന്ന ഉപരോധ നീക്കങ്ങൾക്കിടയിലാണ് ഇറാന്റെ ഈ കരുത്തുറ്റ നീക്കം. സമുദ്രപാതയിൽ തങ്ങൾ ഏർപ്പെടുത്തിയ പുതിയ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ച രണ്ട് കപ്പലുകൾ ഇറാൻ നാവികസേന പിടിച്ചെടുത്തതും ഈ നിയമലംഘനത്തെത്തുടർന്നാണ്. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിനെതിരെ സ്വന്തം പരമാധികാരം ഉയർത്തിപ്പിടിച്ചുള്ള ഇറാന്റെ നീക്കം നിർണായകമാണ്.


ടോൾ വരുമാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നികുതി ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ ഇറാൻ പാർലമെന്റ് ചർച്ചകൾ നടത്തിവരികയായിരുന്നു. അതേസമയം ​ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇനി ഒരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെന്ന് പല ഇറാനിയൻ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകിയിരുന്നു.


ഫെബ്രുവരി 28ന് അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് ആഗോള ഊർജ വിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്ക് ഒരു സുപ്രധാന തർക്കപ്രദേശമായി മാറിയത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും മറ്റ് അവശ്യസാധനങ്ങളും കടന്നുപോകുന്ന ഈ ജലപാതയിലൂടെ നിലവിൽ വളരെ കുറഞ്ഞ എണ്ണം കപ്പലുകളെ മാത്രമേ ഇറാൻ കടന്നുപോകാൻ അനുവദിക്കുന്നുള്ളൂ.


മേഖലയിൽ സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 101.81 ഡോളറിലെത്തി.

അമേരിക്കയുടെ ഉപരോധവും ഇസ്രയേലിന്റെ യുദ്ധഭീഷണിയും തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അസാധ്യമാണെന്ന് ഇറാന്റെ ചർച്ചാ പ്രതിനിധി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home