ഹോർമുസിൽ യുഎസ് അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ

Image Courtesy : IRGC/West Asia News Agency Handout via Reuters
തെഹ്റാൻ: യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ റവല്യൂഷണറി ഗാർഡ്. ഹോർമുസ് കടലിടുക്കിൽവെച്ച് കാലിഫോർണിയൻ പ്രതിരോധ കമ്പനിയായ ആൻഡ്യൂറിൽ നിർമ്മിച്ച ഡ്രോൺ പിടിച്ചെടുത്തുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും ആധുനിക അന്തർവാഹിനി ഡ്രോണിനെ തങ്ങൾ കെണിയിലാക്കുകയായിരുന്നുവെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു.19 അടി (5.8 മീറ്റർ) നീളമുള്ള ഈ ഡ്രോണിന്റെ വില ഏകദേശം 2.5 മില്യൺ ഡോളറാണ്. കടലിലെ മൈനുകൾ കണ്ടെത്തുക, സീബെഡ് മാപ്പിംഗ്, രഹസ്യാന്വേഷണം, കേബിളുകളും പൈപ്പ്‌ലൈനുകളും പരിശോധിക്കുക എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്.
തുടർച്ചയായി 10 ദിവസം വരെ പ്രവർത്തിക്കാനും സമുദ്രത്തിൽ 6,000 മീറ്റർ ആഴം വരെ ഇറങ്ങാനും ഇതിന് സാധിക്കുമെന്നും അന്തവാഹിനിയിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.
അതേസമയം സാങ്കേതിക തകരാർ കാരണം ഒരു ദിവസത്തിലേറെയായി ഒരന്തർവാഹിനിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയായിരുന്നുവെന്ന് യുഎസ് പെന്റഗൺ അറിയിച്ചു. ഇത് പഴയ മോഡലാണെന്നും, രഹസ്യസ്വഭാവമുള്ള ഡാറ്റയോ വർഗ്ഗീകരിച്ച റേഡിയോ/സോണാർ ഉപകരണങ്ങളോ ഇതിൽ ഉണ്ടായിരുന്നില്ലെന്നും പെന്റഗൺ കൂട്ടിച്ചേർത്തു. എന്നാല്‍ ഇറാന്‍ പിടിച്ചെടുത്തു എന്ന് അവകാശപ്പെടുന്ന അന്തര്‍വാഹിനിയാണോ ഇതെന്ന് പെന്‍റഗണ്‍ സ്ഥിരീകരിച്ചിട്ടില്ല.









0 comments