Deshabhimani

ഇന്ത്യൻ, ചൈനീസ് കപ്പലുകൾക്ക് ഹോർമുസ് കടക്കാം; നിയന്ത്രണങ്ങൾ ഒഴിവാക്കി ഇറാൻ

Indian Ship Hormuz

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 04, 2026, 09:06 PM | 1 min read

തെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ അറിയിച്ചു. ഈ നാല് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടിയെന്ന് ഒരു മുതിർന്ന ഇറാനിയൻ നിയമസഭാംഗം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പ്രതിസന്ധിയിലായ ഇന്ത്യയിലെ ഷിപ്പിംഗ് കമ്പനികൾക്കും, കയറ്റുമതി - ഇറക്കുമതി മേഖലകൾക്കും ഈ ഇളവ് വലിയ ആശ്വാസം നൽകിയേക്കാം.


ഇറാന്റെ ദേശീയ സുരക്ഷാ, വിദേശനയ സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊകാദ്ദാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി സ്വതന്ത്രമായി കടന്നുപോകാമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് ഈ കപ്പലുകളെ തടയാൻ അനുവാദമില്ലെന്നും മൊകാദ്ദാം കൂട്ടിച്ചേർത്തു. അതേസമയം, മറ്റു രാജ്യങ്ങൾക്ക് മേലുള്ള നിയന്ത്രണം തുടരുമെന്നും ഇറാൻ അറിയിച്ചു.


ഇറാനിലേക്ക് അവശ്യ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. ഉപരോധങ്ങളും നിലവിലുള്ള സംഘർഷങ്ങളും കാരണം അവശ്യ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞു. ഇതോടെയാണ് ഇന്ത്യക്ക് മേലുള്ള നിയന്ത്രണം ഒഴിവാക്കാൻ ഇറാൻ തീരുമാനിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മരുന്നുകളുടെയും മറ്റു മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും ഒരു പ്രധാന ഇറക്കുമതി കേന്ദ്രമാണ് ഇറാൻ. വ്യാപാരമേഖലയിലും ഊർജ മേഖലയിലും ഇറാന്റെ ഒരു പ്രധാന പങ്കാളിയാണ് ചൈന. മാത്രമല്ല, അമേരിക്കയിൽ നിന്നും മറ്റു സഖ്യകക്ഷികളിൽ നിന്നും സമ്മർദ്ദം നേരിടുന്നതിനിടെ ചൈനയുടെ നയതന്ത്ര പിന്തുണ ഇറാന് പ്രധാനമാണ്.


യുഎസ് - ഇസ്രയേൽ സഖ്യം കടന്നാക്രമണം ആരംഭിച്ചതിന് പിന്നാലെ മാർച്ചിലാണ് ഇറാൻ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ലോകത്തെ ഏറ്റവും തന്ത്രപ്രധാന ജലപാതകളിലൊന്നായ ഹോർമുസ് അടച്ചു പൂട്ടിയതോടെ ആഗോളതലത്തിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്ക ആക്രമണങ്ങൾ കടുപ്പിച്ചതോടെ രാജ്യത്തിൻറെ പരമാധികാരം സംരക്ഷിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home