വ്യോമ പ്രതിരോധം ശക്തമാക്കി ഇറാൻ, യുദ്ധം തുടരാൻ ട്രംപിന് മുന്നിൽ നിയമ പ്രതിസന്ധി

ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും ആക്രമണ ഘട്ടത്തിലേക്ക്. വ്യാഴാഴ്ച രാത്രി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായി. നഗരത്തിന് മുകളിൽ ചെറിയ ഡ്രോണുകളെയും ചാരവിമാനങ്ങളെയും പ്രതിരോധിക്കാനായി വെടിവെപ്പ് നടന്നതായി ഇറാനിയൻ വാർത്താ ഏജൻസികളായ തസ്നിം, ഫാർസ് എന്നിവ റിപ്പോർട്ട് ചെയ്തു.
ഏകദേശം 20 മിനിറ്റോളം ടെഹ്‌റാനിലെ വിവിധ ഭാഗങ്ങളിൽ വ്യോമപ്രതിരോധ സൈറണുകളും സ്ഫോടന ശബ്ദങ്ങളും കേട്ടു. അജ്ഞാത ഡ്രോണുകളെ തടയാനാണ് പ്രതിരോധ സംവിധാനം പ്രവർത്തിച്ചതെന്നും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഇറാൻ അധികൃതർ അറിയിച്ചു. ഏപ്രിൽ ആദ്യം മുതൽ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുമ്പോഴാണ് ആക്രമണ വാര്‍ത്ത.
ട്രംപ് നിയമപ്രതിസന്ധിയിൽ
ഇറാനെതിരെയുള്ള യുദ്ധത്തിന് യു എസ് കോൺഗ്രസിന്റെ അനുമതി വാങ്ങാൻ പ്രസിഡന്റിനുള്ള സമയപരിധി ഇന്ന് അർധരാത്രി അവസാനിക്കുകയാണ്. സമയപരിധി മറികടക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം പുതിയ വാദഗതികൾ ഉയർത്തുന്നു. ഏപ്രിൽ ആദ്യം ആരംഭിച്ച വെടിനിർത്തലോടെ ഇറാനുമായുള്ള യുദ്ധം പ്രായോഗികമായി അവസാനിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.
യുദ്ധം അവസാനിച്ചതിനാൽ ഇനി കോൺഗ്രസിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിൽ അവകാശപ്പെട്ടു. യുഎസ് കോൺഗ്രസിലെ പല അംഗങ്ങളും ഈ വാദത്തെ എതിർക്കുന്നു. അനുമതിയില്ലാതെ യുദ്ധം തുടരുന്നത് ഭരണഘടനാ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഹോർമുസ് കടലിടുക്കിലെ ഉപരോധം
കരയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമുദ്രപാതയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഇപ്പോഴും ശക്തമായ നിയന്ത്രണം തുടരുന്നു. ഇതിനെതിരെ, ഇറാന്റെ എണ്ണക്കപ്പലുകൾ പുറംകടലിലേക്ക് കടക്കാതിരിക്കാൻ യുഎസ് നാവികസേന കർശനമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
സമുദ്ര ഉപരോധം ആഗോള വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്നതിനൊപ്പം അന്താരാഷ്ട്ര ചരക്ക് നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. നയതന്ത്രപരമായ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, സൈനിക നീക്കങ്ങളും തർക്കങ്ങളും പശ്ചിമേഷ്യയെ വീണ്ടും ഒരു പൂർണ്ണ യുദ്ധത്തിന്റെ മുനമ്പിൽ എത്തിച്ച സാഹചര്യമാണ്.










0 comments