ad
Deshabhimani

അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റം; യുഎസിനെതിരെ വിമർശനവുമായി ഇറാൻ

Esmail Baghei

ഇസ്മായിൽ ബഗായി | Photo by Majid Asgaripour/WANA (West Asia News Agency) via REUTERS

വെബ് ഡെസ്ക്

Published on Jul 23, 2026, 06:31 PM | 1 min read

തെഹ്റാൻ : അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തെ തകർക്കാനും യുദ്ധക്കുറ്റങ്ങളെ സാധാരണവൽക്കരിക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി ഇറാനിലെ പാലങ്ങളും വൈദ്യൂതി നിലയങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന യുഎസ് ഉദ്യോഗസ്ഥരുടെ അഹങ്കാരപൂർണ്ണമായ ഭീഷണികൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.


ഒരു യുദ്ധക്കുറ്റം ചെയ്യാൻ സാമ്രാജ്യത്വ ഭരണകൂടത്തിന്റെ ഒരു തരത്തിലുള്ള ഉത്തരവും അനുമതിയാകുന്നില്ലെന്ന് ബഗായി വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങളെ ന്യായീകരിക്കാൻ മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിക്കുന്നത് അധിനിവേശ കുറ്റവാളികളെ ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയുമില്ല. യുദ്ധതാല്പര്യങ്ങൾക്കായി അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറപ്പിക്കുകയാണ് യുഎസ് ഭരണകൂടം ചെയ്യുന്നത്.


പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കാൻ നിർദ്ദേശിക്കുന്ന അമേരിക്കൻ നയം വ്യക്തമായും നിയമവിരുദ്ധവും കുറ്റകരവുമാണ്. ഇത്തരം അധിനിവേശ നയങ്ങൾ കേവലം പ്രതികാര നടപടിയുടെയും ജനങ്ങൾക്കെതിരായ കൂട്ടശിക്ഷയുടെയും ഉദാഹരണമാണ്. അന്താരാഷ്ട്ര നിയമപ്രകാരവും യുഎസ് ആഭ്യന്തര നിയമപ്രകാരവും യുദ്ധക്കുറ്റങ്ങളായി വ്യക്തമായി നിരോധിച്ചിട്ടുള്ള ക്രൂരപ്രവൃത്തികളാണിത്.


അമേരിക്ക നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്ക് യാതൊരുവിധ സമയപരിധിയും ബാധകമല്ലെന്ന് ബ​ഗായി ഊന്നിപ്പറഞ്ഞു. മേലുദ്യോഗസ്ഥരിൽ നിന്നുള്ള വ്യക്തമായി നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാതിരിക്കാൻ സൈനികർക്ക് നിയമപരവും ധാർമ്മികവുമായ കടമയുണ്ടെന്ന് യൂണിഫോം കോഡ് ഓഫ് മിലിട്ടറി ജസ്റ്റിസും യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ ലോ ഓഫ് വാർ മാനുവലും വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിന്റെ എല്ലാവിധ നിയമലംഘനങ്ങൾക്കുമെതിരെ ഇറാൻ ഉറച്ചുനിൽക്കുമെന്നും സ്വന്തം പരമാധികാരം ശക്തമായി സംരക്ഷിക്കുമെന്നും ഇറാന്റെ വിദേശകാര്യ വക്താവ് വീണ്ടും ആവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home