ad
Deshabhimani

228 പേർ മരിച്ച വിമാനാപകടം: എയർ ഫ്രാൻസും എയർബസും കുറ്റക്കാരെന്ന് കോടതി; വിധി 17 വർഷത്തിന് ശേഷം

Flight Crash

വിമാന അപകടത്തിൽ നിന്ന് (Photo: French Air Force / Brazilian Navy)

വെബ് ഡെസ്ക്

Published on May 21, 2026, 09:36 PM | 1 min read

പാരീസ് : 228 പേരുടെ മരണത്തിന് ഇടയാക്കിയ 2009ലെ വിമാനാപകട കേസിൽ പ്രമുഖ വിമാനക്കമ്പനിയായ എയർ ഫ്രാൻസും വിമാന നിർമാതാക്കളായ എയർബസും കുറ്റക്കാരാണെന്ന് പാരീസ് അപ്പീൽ കോടതി. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇരു കമ്പനികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഫ്രഞ്ച് വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഈ സംഭവം കണക്കാക്കപ്പെടുന്നത്.


2023 ഏപ്രിലിൽ വിചാരണ കോടതി ഇരു കമ്പനികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കോടതി ഇരു കമ്പനികൾക്കും പരമാവധി പിഴയായ 2,25,000 യൂറോ (ഏകദേശം 2.45 കോടി രൂപ) വീതം ചുമത്തി. എന്നാൽ ഈ തുക വളരെ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി ഇരകളുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും ഈ വിധി കമ്പനികളുടെ ആഗോള പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാണ്.


അറ്റ്ലാന്റിക് സമുദ്രത്തിലെ ദുരന്തം


2009 ജൂൺ ഒന്നിനാണ് റിയോ ഡി ജനീറോയിൽ നിന്ന് പാരീസിലേക്ക് പറക്കുകയായിരുന്ന എയർ ഫ്രാൻസിന്റെ എഎഫ് 447 (AF447) വിമാനം കാണാതാകുന്നത്. ശക്തമായ കൊടുങ്കാറ്റിൽപ്പെട്ട എയർബസ് എ330 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് 38,000 അടി ഉയരത്തിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നു. 216 യാത്രക്കാരും 12 ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 228 പേരും അപകടത്തിൽ മരണപ്പെട്ടു.


മരിച്ചവരിൽ ഭൂരിഭാഗവും ഫ്രാൻസ്, ബ്രസീൽ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. സമുദ്രത്തിൽ പതിനായിരം ചതുരശ്ര കിലോമീറ്റർ പരിധിയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം 2011ലാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് വീണ്ടെടുക്കാനായത്.


തെക്കേ അമേരിക്കൻ തീരത്ത് നിന്ന് 700 മൈലിലധികം അകലെ നടന്ന അപകടമായതിനാൽ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് അന്ന് നടന്നത്. ആദ്യത്തെ 26 ദിവസത്തെ തിരച്ചിലിൽ സീറ്റുകളിൽ ബെൽറ്റിട്ട അവസ്ഥയിൽ തന്നെ 51 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. വിധി കേൾക്കാൻ നിരവധി ഇരകളുടെ കുടുംബാംഗങ്ങൾ വ്യാഴാഴ്ച കോടതിയിൽ എത്തിയിരുന്നു. കോടതി വിധിക്കെതിരെ ഇരു കമ്പനികളും വീണ്ടും അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നാണ് ഫ്രഞ്ച് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home