അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും: 61 മരണം; നൂറിലധികം പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും മരിച്ചവരുടെ എണ്ണം 61 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റിയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തെ 15 പ്രവിശ്യകളിലായി 458 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു.
നൂറുകണക്കിന് കന്നുകാലികൾ ചാവുകയും കാർഷിക മേഖലയിൽ വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കാബൂളിനെ വടക്കൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ സലാങ് ഹൈവേ ഉൾപ്പെടെയുള്ള പല പ്രധാന റോഡുകളും അടച്ചു.
പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തനം ദുഷ്കരമായ മലയോര മേഖലകളിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ വ്യതിയാനവും ദശാബ്ദങ്ങൾ നീണ്ട ആഭ്യന്തര സംഘർഷങ്ങളും തകർത്ത അഫ്ഗാനിസ്ഥാനിൽ ഇത്തരം പ്രകൃതിക്ഷോഭങ്ങൾ വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സഹായമെത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.











0 comments