ad
Deshabhimani

ട്രംപ് "പുതിയ യുഎൻ' സൃഷ്ടിക്കാൻ ശ്രമിക്കുന്നു: ലുല

print edition തീവ്ര വലതുപക്ഷ മുന്നേറ്റം ചെറുക്കുക ; ഫാസിസ്റ്റ് വിരുദ്ധ അന്താരാഷ്ട്ര സമ്മേളനം ബ്രസീലിൽ

international anti fascist congress
വെബ് ഡെസ്ക്

Published on Jan 25, 2026, 04:06 AM | 1 min read


റയോ ഡി ജനീറോ

ആഗോളതലത്തിൽ തീവ്ര വലതുപക്ഷത്തിന്റെ ആക്രമണത്തെയും വളർച്ചയെയും ചെറുക്കുകയെന്ന മുദ്രാവാക്യവുമായി ലോകരാജ്യങ്ങളിൽനിന്നുള്ള പ്രമുഖ വ്യക്തികൾ ഒത്തുചേരുന്നു. മാർച്ച് 26 മുതൽ 29 വരെ ബ്രസീലിയൻ നഗരമായ പോർട്ടോ അലെഗ്രെയിൽ ചേരുന്ന അന്താരാഷ്ട്ര ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 230-ലധികം പ്രമുഖ വ്യക്തികൾ പങ്കെടുക്കും. സാമ്രാജ്യത്വവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്യും.


സാഹിത്യ നൊബേൽ ജേതാവ് ആനി എർണോക്സ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ, അക്കാദമിക് വിദഗ്ധർ, യൂണിയൻ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, വംശീയ–മുതലാളിത്ത വിരുദ്ധർ തുടങ്ങിയവരാണ്‌ സംയുക്ത പ്രസ്‌താവനയിൽ ഒപ്പിട്ടിരിക്കുന്നത്‌. തൊഴിൽസംരക്ഷണവും തൊഴിലാളി അവകാശങ്ങളും ഇല്ലാതാക്കാനും പൊതുസേവനങ്ങൾ സ്വകാര്യവൽക്കരിക്കാനും കുടിയേറ്റവിരുദ്ധ നയങ്ങൾ കർശനമാക്കാനും സൈനികചെലവ് വർധിപ്പിക്കാനും ശ്രമിക്കുന്ന തീവ്രവലതുപക്ഷ നിയോഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ എല്ലാ ഭൂഖണ്ഡങ്ങളിലും മുന്നേറുകയാണെന്ന് പ്രസ്‌താവനയിൽ പറഞ്ഞു.


ട്രംപ് "പുതിയ യുഎൻ' സൃഷ്ടിക്കാൻ ശ്രമിക്കുന്നു: ലുല

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് "പുതിയ യുഎൻ’ സൃഷ്ടിക്കാൻ നോക്കുകയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ സാന്പത്തിക ഉച്ചകോടിക്കിടെ ഗാസ ‘സമാധാനസമിതി’ രൂപീകരിച്ച്‌ രാജ്യങ്ങളെ ചേർക്കുന്ന ട്രംപിന്റെ പൊള്ളത്തരത്തിനെതിരയാണ്‌ ലുലയുടെ പരിഹാസം.


പ്രസിഡന്റ് ട്രംപ് ഒരു പുതിയ യുഎൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവിടെ അദ്ദേഹം മാത്രമാണ് ഉടമ. ലോകത്തെ ഭരിക്കാൻ ആഗ്രഹിക്കുകയാണ്‌. എല്ലാ ദിവസവും എന്തെങ്കിലും വിളിച്ചുപറയുന്നു. എല്ലാ ദിവസവും ലോകം അതിനെക്കുറിച്ച് ചർച്ചചെയ്യുന്നു. യുഎൻ ചാർട്ടർ കീറിയെറിയുകയാണ്‌– പൊതുയോഗത്തിൽ ലുല പറഞ്ഞതായി ബ്രസീലിലെ ഫോൾഹ ഡി സാവോപോളോ പത്രം റിപ്പോർട്ട് ചെയ്‌തു. ആഗോള കാര്യങ്ങളിൽ "കാട്ടിലെ നിയമത്തിനെതിരെ" ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്താൻ അദ്ദേഹം ആഹ്വാനംചെയ്‌തു. ​യുദ്ധക്കുറ്റവാളിയായ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ ‘സമാധാനസമിതി’യിൽ ചേരാൻ ട്രംപ് ക്ഷണിച്ച സാഹചര്യത്തിലാണ് ലുലയുടെ വിമർശനം.


അന്താരാഷ്ട്ര കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായി ലുല കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു. മുപ്പതിലേറെ യുഎൻ സംഘടനകളിൽനിന്ന് പിൻമാറിയ അമേരിക്ക ലോകാരോഗ്യ സംഘടനയ്‍ക്ക്‌ ഉൾപ്പെടെ കുടിശ്ശിക നൽകാതിരിക്കുകയുമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home