ശബരിമലയിൽ അരവണയില്ല; മണിക്കൂറുകള്‍ ക്യൂ നിന്ന് വലഞ്ഞ് തീര്‍ഥാടകര്‍

പത്തനംതിട്ട : ശബരിമലയിൽ അരവണ വിതരണത്തിൽ കടുത്ത പ്രതിസന്ധി. ഒരു ടിൻ അരവണ മാത്രമാണ് സന്നിധാനത്തെത്തുന്ന തീർഥാടകർക്ക് നിലവിൽ നൽകുന്നത്. കൂടുതൽ അരവണ ആവശ്യപ്പെട്ട് കൗണ്ടറിന് മുന്നിൽ തീർഥാടകരുടെ ബഹളമാണ്.
പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. 20 ദിവസമായി പ്ലാന്റിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം, അരവണ വിതരണത്തിലുണ്ടായ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെ പഴിച്ച് തടിയൂരാനാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ്റെ ശ്രമം. ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചുവെന്നും പ്രശ്നം മുൻകൂട്ടി കാണാൻ കഴിയാത്തത് ദേവസ്വം ബോർഡിന്റെ വീഴ്ചയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
നട അടച്ചിരുന്ന സമയത്തായിരുന്നു പ്ലാന്റിലെ നവീകരണ പ്രവർത്തികൾ നടത്തേണ്ടിയിരുന്നതെന്നാണ് മന്ത്രിയുടെ വാദം. പ്രശ്നം മുൻകൂട്ടി കണ്ട് കൃത്യമായ നിർദേശങ്ങൾ നൽകാനും ഇടപെടൽ നടത്താനും മന്ത്രി മുൻകൈ എടുത്തില്ല. കെടുകാര്യസ്ഥത മറയ്ക്കാന്‍ ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയാണ് മുരളീധരന്‍.
സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞിറങ്ങുന്ന തീർഥാടകർക്ക് അരവണയും അപ്പവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അടുത്തിടെയായി ശബരിമലയിൽ തീർഥാടകർക്ക് പ്രതിസന്ധികൾ നേരിടുന്നുവെന്ന് പരാതികളുയർന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് നിലവിൽ അപ്പത്തിനും അരവണയ്ക്കും ക്ഷാമമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾക്ക് മൂന്ന് ടിൻ അരവണ നൽകിയിരുന്നെങ്കിലും,നിലവിൽ ഒരു ബോട്ടിൽ വിതരണം ചെയ്യാനുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളതെന്നാണ് വിവരം. ഒരു ടിൻ അരവണ ലഭിക്കണമെങ്കിൽ പോലും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു.
കന്നിമാസ പൂജയ്ക്കായി നടതുറന്നതോടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. പ്രതിദിനം ഏകദേശം 45,000 തീർഥാടകരാണ് എത്തുന്നത്. കന്നിമാസ പൂജയോടനുബന്ധിച്ച് മൂന്ന് ലക്ഷത്തോളം ടിൻ അരവണ മാത്രമായിരുന്നു കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. എന്നാൽ, പ്രതീക്ഷിച്ച തീർഥാടകരിൽ അധികം എത്തിയതോടെ വിതരണം പൂർണമായും തടസപ്പെടുകയായിരുന്നു.
മണ്ഡലകാലത്തിന് മുൻപായി തീർഥാടകരെത്തുന്ന സമയത്തെ നവീകരണ പ്രവർത്തനങ്ങൾ വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾത്തന്നെ ഇതാണ് അവസ്ഥയെങ്കിൽ സീസൺ കാലത്ത് എന്തായിരിക്കും അവസ്ഥയെന്ന ആശങ്കയിലാണ് തീർഥാടകർ.









0 comments