മലാക്ക കടലിടുക്കിൽ നികുതി ചുമത്തില്ല; വ്യക്തമാക്കി ഇന്തോനേഷ്യ

ഒരു കണ്ടെയ്നർ കപ്പൽ മലാക്ക കടലിടുക്കിലേക്ക് പ്രവേശിക്കാനായി സിംഗപ്പൂർ കടലിടുക്കിലൂടെ കടന്നുപോകുന്നു.(Photo Courtesy - REUTERS/Henning Gloystein/File Photo)
ജക്കാർത്ത : മലാക്ക കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ടോൾ പിരിക്കുന്നത് ഇന്തോനേഷ്യയുടെ ആലോചനയിലില്ലെന്ന് ധനമന്ത്രി പുർബയ യുധി സദേവ വ്യക്തമാക്കി. തന്ത്രപ്രധാനമായ സമുദ്രപാത വാണിജ്യപരമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ പ്രതികരണം.
വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം നൽകിയ വിശദീകരണം അദ്ദേഹം ശരിവെക്കുകയായിരുന്നു. മേഖലയിലെ സാമ്പത്തിക താല്പര്യങ്ങളെയും അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കുന്ന തരത്തിൽ യാതൊരുവിധ നികുതികളും ഈ പാതയിൽ ചുമത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ലംഘിക്കില്ലെന്നും, ആഗോള കപ്പൽ ഗതാഗത പാതകളെ സംബന്ധിച്ച യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീസ് വ്യവസ്ഥകൾ രാജ്യം പൂർണമായും പാലിക്കുമെന്ന് പുർബയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമുദ്രപാതകളുടെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച ആഗോള ചട്ടക്കൂടാണ് യുഎൻസിഎൽഒഎസ്.
പശ്ചിമേഷ്യയിലെ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണമായും അടച്ചിട്ട പശ്ചാത്തലത്തിൽ ഏഷ്യയിലെ മറ്റ് പ്രധാന സമുദ്രപാതകളുടെ സുരക്ഷയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളാണ് നയതന്ത്രജ്ഞർക്ക് മുന്നിലുള്ളത്.
മലേഷ്യൻ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2025ൽ ഒരു ലക്ഷത്തിലധികം (1,02,500) കപ്പലുകളാണ് മലാക്ക കടലിടുക്കിലൂടെ കടന്നുപോയത്. ഇതിൽ ഭൂരിഭാഗവും ചരക്ക് കപ്പലുകളായിരുന്നു. ഏകദേശം 900 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കടലിടുക്ക് ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടതാണ്. കിഴക്കൻ ഏഷ്യയിൽ നിന്ന് പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ സമുദ്രപാതയാണിത്.










0 comments