Deshabhimani

ഹൂതി ആക്രമണ ഭീഷണി: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇൻഡിഗോ

indigo

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 24, 2026, 06:26 AM | 1 min read

റിയാദ്: സുരക്ഷാ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കിയതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.


സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും ഊർജ നിലയങ്ങൾക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ബുധനാഴ്ച ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷൈബ എണ്ണപ്പാടത്തുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പരിക്കേറ്റു.


എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 24 വരെ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ആകാശ എയർ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ളവ നവംബർ 30 വരെയും റദ്ദാക്കി.


വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ഉംറ തീർഥാടകരും പ്രതിസന്ധിയിലായി. ഇവരുടെ മടക്കയാത്ര വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയം വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ഏകോപനം നടത്തുന്നുണ്ട്. അടിയന്തരമായി മടങ്ങേണ്ടവർക്ക് ആവശ്യമായ വിസകൾ ലഭിക്കുന്നതിനനുസരിച്ച് ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ വഴി യാത്ര ചെയ്യാമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.


സൗദിയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പിന്തുടരണമെന്നും എംബസി ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെയും അവ തടയുന്ന നടപടികളുടെയും ദൃശ്യങ്ങൾ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home