ad
Deshabhimani

ഇറാൻ സംഘർഷം: യാത്രാക്ലേശം രൂക്ഷമാകുന്നു, ഇൻഡിഗോ കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി

Indigo.jpg
വെബ് ഡെസ്ക്

Published on Jan 28, 2026, 11:14 AM | 1 min read

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ വ്യോമാതിർത്തി ഒഴിവാക്കുന്നതിനാലാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.


നിലവിൽ ഫെബ്രുവരി 11 വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇറാൻ വ്യോമാതിർത്തി വഴി കടന്നുപോകുന്ന സെൻട്രൽ ഏഷ്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്.


തിബിലിസി (ജോർജിയ), അൽമാട്ടി (കസാക്കിസ്ഥാൻ), താഷ്കന്റ് (ഉസ്ബെക്കിസ്ഥാൻ), ബാകു (അസർബൈജാൻ) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. നേരത്തെ ജനുവരി 28 വരെയായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെങ്കിലും മേഖലയിലെ സാഹചര്യം വഷളായതോടെ ഇത് നീട്ടുകയായിരുന്നു.


ഇൻഡിഗോയുടെ എ 320 നിയോ വിമാനങ്ങളാണ് ഈ റൂട്ടുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി മറ്റൊരു ദീർഘദൂര റൂട്ടിലൂടെ പറക്കാനുള്ള ഇന്ധന ശേഷി ഈ വിമാനങ്ങൾക്കില്ല എന്നതാണ് സർവീസുകൾ റദ്ദാക്കാൻ കാരണമായത്.


യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി മാറ്റുകയോ ചെയ്യാം. വിദേശ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും ബിസിനസ്സ് യാത്രക്കാരെയുമാണ് സർവീസുകൾ നിലച്ചത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.


അതേസമയം, എയർ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികളും മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും യുഎസ് സൈനിക വിന്യാസവും മൂലം മേഖലയിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home