അധിക തീരുവ തിരികെ ലഭിക്കാൻ കടമ്പകളേറെ; അമേരിക്കൻ പങ്കാളികളെ ആശ്രയിക്കാൻ ഇന്ത്യൻ വ്യാപാരികൾ

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : അമേരിക്ക ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ കയറ്റുമതിക്കാർക്ക് മുന്നിൽ അനിശ്ചിതത്വം തുടരുന്നു. തീരുവ തിരികെ നൽകാൻ കോടതി ഉത്തരവുണ്ടെങ്കിലും, വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അമേരിക്കയുമായി നടത്തുന്ന ചർച്ചകൾ എത്രത്തോളം ഫലപ്രദമാകുമെന്നതിനെ ആശ്രയിച്ചിരിക്കും തുക തിരികെ ലഭിക്കുന്നത്. നിയമപോരാട്ടത്തേക്കാൾ ഉപരിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ഒത്തുതീർപ്പാണ് നിലവിൽ കയറ്റുമതിക്കാർ പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ വിപണിയിലെ ഉപഭോക്താക്കളെ കൈവിടാതിരിക്കാൻ ട്രംപ് സർക്കാർ ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന്റെ ബാധ്യത ഇന്ത്യൻ കയറ്റുമതിക്കാർക്ക് തന്നെ ഏറ്റെടുക്കേണ്ടി വരികയാണ്. അധിക നികുതി തുക തിരികെ നൽകാനുള്ള നടപടികൾ ഏപ്രിൽ 20ന് അമേരിക്കൻ സർക്കാർ ആരംഭിച്ചെങ്കിലും ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കാൻ ഇന്ത്യൻ വ്യാപാരികൾക്ക് മറ്റ് ഔദ്യോഗിക മാർഗങ്ങളൊന്നുമില്ല.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന ഈ നികുതികൾ ഓൺലൈൻ വഴി തിരികെ നൽകാനുള്ള നടപടിക്രമങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. എന്നാൽ അമേരിക്കൻ ഇറക്കുമതിക്കാർക്ക് മാത്രമേ ഈ റീഫണ്ടിനായി അപേക്ഷിക്കാൻ അർഹതയുള്ളൂ എന്ന പരിമിതി ഇന്ത്യൻ കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. അതിനാൽ റീഫണ്ട് തുക ലഭ്യമാകാൻ തങ്ങളുടെ അമേരിക്കൻ ബിസിനസ് പങ്കാളികളെ ആശ്രയിക്കേണ്ടി വരും.
പശ്ചിമേഷ്യൻ സംഘർഷം മൂലം ചരക്കുനീക്കത്തിന് അധിക ചെലവ് വരുന്നത് ഇന്ത്യൻ കയറ്റുമതിക്കാരെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നികുതി റീഫണ്ട് ലഭിക്കുന്നത് സാമ്പത്തികമായി ഉപകരിക്കും.
സ്റ്റീൽ, അലുമിനിയം മേഖലയിലുള്ള ചെറുകിട - ഇടത്തരം സംരംഭങ്ങളെയാണ് ഈ അനിശ്ചിതത്വം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. തുക ലഭിക്കാൻ വൈകുന്നത് അവരുടെ പ്രവർത്തന മൂലധനത്തെ ബാധിക്കും.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ ഉൽപ്പന്നങ്ങൾ മത്സരക്ഷമമായി തുടരണമെങ്കിൽ ഈ സാമ്പത്തിക ആനുകൂല്യങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്നാണ് കയറ്റുമതി സംഘടനകളുടെ ആവശ്യം. അമേരിക്കൻ ഭരണകൂടത്തിന്റെ അടുത്ത നീക്കങ്ങൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ വ്യാപാര ലോകം.










0 comments