ക്യൂബ വെറുമൊരു കേക്ക് കഷ്ണമല്ല; അമേരിക്ക് എടുത്തുകൊണ്ടു പോവാൻ!

ക്യൂബയിലെ ഇന്ത്യൻ അംബാസഡർ ജുവാൻ കാർലോസ് മാഴ്സൻ (Photo Credit : Facebook/Juan Carlos Marsan)
ചെന്നൈ : അമേരിക്കയുമായി തുറന്ന നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണ് പക്ഷെ ക്യൂബയുടെ രാഷ്ട്രീയ വ്യവസ്ഥിതിയിലോ ആഭ്യന്തര കാര്യങ്ങളിലോ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ക്യൂബയിലെ ഇന്ത്യൻ അംബാസഡർ ജുവാൻ കാർലോസ് മാഴ്സൻ. "അമേരിക്ക ആര് ഭരിക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നില്ല, അതുപോലെ ക്യൂബയുടെ കാര്യത്തിൽ ഇടപെടാൻ അമേരിക്കക്കും അവകാശമില്ല." അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ സാമ്രാജ്യത്വം ഏർപ്പെടുത്തിയ എണ്ണ ഉപരോധം ക്യൂബയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി മാഴ്സൺ വിശദീകരിച്ചു. എന്നാൽ ഇത്തരം സാമ്പത്തിക സമ്മർദത്തിലൂടെ ക്യൂബയുടെ രാഷ്ട്രീയവ്യവസ്ഥയിൽ മാറ്റം വരുത്താമെന്ന അമേരിക്കയുടെ മോഹം നടക്കില്ല. ക്യൂബയുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ ജനതക്ക് മാത്രമാണുള്ളതെന്നും വിദേശ ശക്തികളുടെ ഇടപെടൽ അനുവദിക്കില്ലെന്നുമാണ് ക്യൂബയുടെ ഉറച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് ക്യൂബയിലേക്കുള്ള ഇന്ധന വിതരണം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണെന്ന് അംബാസഡർ വ്യക്തമാക്കി. സ്വന്തം ആവശ്യത്തിന്റെ 20 ശതമാനം മാത്രം എണ്ണ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ക്യൂബയെ മൂന്ന് മാസത്തോളമാണ് അമേരിക്ക ഒരു തുള്ളി എണ്ണ പോലും നൽകാതെ ശ്വാസംമുട്ടിച്ചത്. ഒടുവിൽ റഷ്യൻ ടാങ്കറായ 'അനറ്റോളി കൊളോഡ്കിൻ' എത്തിയതോടെയാണ് ഈ പ്രതിസന്ധിക്ക് താല്കാലിക ശമനമായത്.
വൈദ്യുതി ശൃംഖലകൾ തകർന്നതോടെ ആശുപത്രികൾ ഇരുട്ടിലാവുകയും ഒരു ലക്ഷത്തിലേറെ പേരുടെ ശസ്ത്രക്രിയകൾ മുടങ്ങുകയും ചെയ്തു. കുടിവെള്ള വിതരണത്തെയും കൃഷിയെയും ഉപരോധം സാരമായി ബാധിച്ചു. ഇന്ധനമില്ലാത്തതിനാൽ 40 ശതമാനം കൃഷിയിടങ്ങളും തരിശായി കിടക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ ഈ ക്രൂരത രണ്ട് ദശലക്ഷം ജനങ്ങളെ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് തള്ളിവിട്ടു. അമേരിക്കൻ ഉപരോധം ക്യൂബൻ ജനതയെ എങ്ങനെയെല്ലാം ശ്വാസംമുട്ടിക്കുന്നു എന്നതിന്റെ നേർചിത്രമാണിത്.
ലോകമിതുവരെ കണ്ടിട്ടില്ലാത്ത ഉപരോധങ്ങൾ
അമേരിക്കൻ സാമ്രാജ്യത്വം ക്യൂബക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ട് ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും ട്രംപ് ഭരണകൂടം അതിനെ ഭീകരമായ തലങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് മാഴ്സൻ പറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകാലത്തെ 240 നടപടികൾക്ക് പിന്നാലെ നിലവിലെ ഭരണകാലത്ത് നൂറിലധികം 'അഭൂതപൂർവമായ നിയന്ത്രണങ്ങൾ' കൂടി അടിച്ചേൽപ്പിച്ചു. ക്യൂബൻ വിപ്ലവത്തെ തകർക്കാൻ സാമ്രാജ്യത്വം നടത്തുന്ന ഈ പുതിയ നീക്കങ്ങൾ രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
അമേരിക്കൻ കടന്നാക്രമണങ്ങൾക്കെതിരെ കർശന നിലപാട്
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഭരണമാറ്റ ആഹ്വാനത്തെ അംബാസഡർ രൂക്ഷമായി വിമർശിച്ചു. 1956ൽ ക്യൂബ വിട്ട മാതാപിതാക്കളുടെ മകനായ റൂബിയോ മിയാമിയിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ താല്പര്യങ്ങൾക്കായി തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ക്യൂബക്കെതിരെ പോരാടാനാണ് വിനിയോഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ക്യൂബയെ പിടിച്ചെടുക്കും" എന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായി, ക്യൂബ ആർക്കും എടുത്തു കൊണ്ടുപോകാവുന്ന 'കേക്ക് കഷ്ണമല്ലെന്നും' ആത്മാഭിമാനമുള്ള ഒരു രാഷ്ട്രമാണെന്നും അതിനെ സംരക്ഷിക്കാൻ അവിടുത്തെ ജനത സജ്ജമാണെന്നും അദ്ദേഹം തുറന്നടിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയത് ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരെ ഇല്ലാതാക്കി രാജ്യത്തെ ശ്വാസം മുട്ടിക്കാനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ റഷ്യ നൽകിയ ഒരു ലക്ഷം ടൺ ക്രൂഡ് ഓയിൽ വലിയ ആശ്വാസമായി. കൂടാതെ യുഎസ് സമ്മർദമുണ്ടായിട്ടും മെക്സിക്കോ മാനുഷിക സഹായം നൽകുന്നത് തുടരുകയാണ്.
പ്രതിസന്ധികളിൽ തളരാത്ത വികസനമാതൃക
ജനങ്ങളുടെ സാമൂഹിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ക്യൂബ നടപ്പിലാക്കുന്ന പ്രായോഗിക നടപടികളെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. കൃഷി, ഖനനം, വിനോദസഞ്ചാരം, ഊർജം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്. വിദേശത്തുള്ള ക്യൂബക്കാർക്ക് രാജ്യത്തെ സ്വകാര്യ ബിസിനസുകളിൽ നിക്ഷേപിക്കാൻ അനുമതി നൽകിയിട്ടുണ്ട് ക്യൂബൻ ഭരണകൂടം.
2045ഓടെ ക്യൂബ ലക്ഷ്യമിടുന്ന പുനരുല്പാദിപ്പിക്കാവുന്ന ഊർജ പദ്ധതികളിൽ പങ്കാളികളാകാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിക്കുകയാണ് ക്യൂബ. ഇതിലൂടെ നയപരമായ വിട്ടുവീഴ്ചകളല്ല ഉദ്ദേശിക്കുന്നത് ജനക്ഷേമം മുൻനിർത്തിയുള്ള പ്രായോഗിക മാറ്റങ്ങളാണ്.
ക്യൂബക്കെതിരായ യുഎസ് നീക്കങ്ങൾ ഒരു വലിയ സാമ്രാജ്യത്വ പദ്ധതിയുടെ ഭാഗമാണ്. "ഇന്നലെ അത് വെനസ്വേലയായിരുന്നു, ഇന്ന് ഇറാൻ, നാളെ അത് ക്യൂബയാകാം അടുത്തത് ആരായിരിക്കും?" എന്ന് ക്യൂബയിലെ ഇന്ത്യൻ അംബാസഡർ ചോദിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളും ബഹുരാഷ്ട്രവാദവും സംരക്ഷിക്കാൻ 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അമേരിക്കയുമായി പരസ്പര ബഹുമാനത്തിലും തുല്യതയിലും അധിഷ്ഠിതമായ ചർച്ചകൾക്ക് ക്യൂബ തയ്യാറാണ്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് വിരുദ്ധ പോരാട്ടം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയാകാമെങ്കിലും ക്യൂബയുടെ രാഷ്ട്രീയ വ്യവസ്ഥയിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
അമേരിക്കയുമായി പരസ്പര ബഹുമാനത്തിലും തുല്യതയിലും അധിഷ്ഠിതമായ ചർച്ചയാകാമെങ്കിലും ക്യൂബയുടെ രാഷ്ട്രീയ വ്യവസ്ഥയിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
(ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ സ്വതന്ത്ര വിവർത്തനം)










0 comments