'ജീവനോടെ തിരിച്ചെത്തിയേക്കില്ല'; ജയിലിലെ ഏകാന്തതടവ് ആരോഗ്യത്തെ തകർക്കുന്നുവെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ജയിലിലെ ഏകാന്തതടവ് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനോടെ തിരിച്ചെത്തിയേക്കില്ലെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ദിവസവും 22 മണിക്കൂർ ഏകാന്തതടവിൽ കഴിയേണ്ടിവരുന്നതായും ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കും ഭാര്യ ബുഷ്റ ബീബിക്കും അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ഉന്നത കോടതികൾക്ക് അയച്ച കത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാൻ സുപ്രീംകോടതി, ഫെഡറൽ ഭരണഘടനാ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവയുടെ ചീഫ് ജസ്റ്റിസുമാർക്കാണ് കത്തയച്ചത്. അഭിഭാഷകൻ സൽമാൻ സഫ്ദാർ മുഖേനയാണ് കത്ത് കൈമാറിയത്. നവംബർ 11ന് അഡിയാല ജയിലിൽ ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കത്ത് തയ്യാറാക്കിയത്. 2025 ഡിസംബർ 20 മുതൽ ദിവസവും 22 മണിക്കൂർ വരെ ഏകാന്തതടവിൽ കഴിയുകയാണെന്നും കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും മക്കളുമായി ഫോണിൽ സംസാരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായും രക്തസമ്മർദം അപകടകരമായ നിലയിലേക്ക് ഉയർന്നതായും ഇമ്രാൻ ഖാൻ അറിയിച്ചു. നവംബർ പത്തിന് രക്തസമ്മർദത്തിന്റെ സിസ്റ്റോളിക് അളവ് 192, 193 എന്ന നിലയിലെത്തി. മസ്തിഷ്ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ദീർഘകാലത്തെ ഏകാന്തതടവ് മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായി കൂടുതൽ കൂടിക്കാഴ്ചകൾ അനുവദിക്കണമെന്ന് ജയിൽ മെഡിക്കൽ ബോർഡ് നിർദേശിച്ചെങ്കിലും നടപ്പാക്കിയില്ലെന്നും കത്തിൽ പറയുന്നു.
ആഗസ്ത് 18ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ലെന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകാനായിരുന്നു കോടതി നിർദേശം. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ നൽകിയശേഷം മണിക്കൂറുകൾക്കകം ജയിലിലേക്ക് തിരിച്ചയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ നിലപാട്.
ഭാര്യ ബുഷ്റ ബീബിയുടെ ആരോഗ്യനിലയിലും ഇമ്രാൻ ഖാൻ ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിലിൽ റെറ്റിനയ്ക്ക് ഗുരുതരമായ പ്രശ്നമുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ചികിത്സ ആവശ്യമാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ, തന്റെയും ഭാര്യയുടെയും ചികിത്സ സംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനോടെയിരുന്നാൽ മാത്രമേ നിരപരാധിത്വം തെളിയിക്കാൻ കഴിയൂവെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.








0 comments