ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള സ്റ്റീലിന് അധിക തീരുവ ചുമത്തി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് ആന്റി ഡംപിങ് തീരുവ ചുമത്തി യൂറോപ്യൻ യൂണിയൻ. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചിലയിനം കോൾഡ് റോൾഡ് ഫ്ലാറ്റ് സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 9.5 ശതമാനമാണ് തീരുവ. ജപ്പാൻ, തായ്‌വാൻ, തുർക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് സ്റ്റീൽ വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജപ്പാനിൽനിന്നുള്ള സ്റ്റീലിന് 27.9 ശതമാനമാണ് തീരുവ. തായ്‌വാന് 20.7 മുതൽ 27 ശതമാനം വരെയും തുർക്കിക്ക് മൂന്ന് മുതൽ 7.8 ശതമാനം വരെയും വിയറ്റ്‌നാമിന് 16 ശതമാനവുമാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് മൂന്ന് മുതൽ 27.9 ശതമാനം വരെയാണ് അധിക തീരുവ ബാധകമാകുന്നത്. യൂറോപ്യൻ കമ്മീഷൻ തിങ്കളാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഈ രാജ്യങ്ങളിൽനിന്നുള്ള ചില സ്റ്റീൽ ഉൽപ്പന്നങ്ങൾ യൂറോപ്യൻ വിപണിയിൽ സാധാരണ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് യൂറോപ്യൻ കമ്മീഷന്റെ വിശദീകരണം. ഉൽപ്പാദനച്ചെലവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് നിശ്ചയിക്കുന്ന സാധാരണ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിദേശ വിപണിയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രീതിയാണ് ഡംപിങ്. ഇത്തരം ഇറക്കുമതി ആഭ്യന്തര സ്റ്റീൽ വ്യവസായത്തെ ബാധിക്കുന്നുവെന്നാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്.
ഇന്ത്യയിലെയും തായ്‌വാനിലെയും വിപണി സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണത്തിൽ പ്രത്യേക പരാമർശമുണ്ട്. ഇന്ത്യയിൽ ഇരുമ്പയിരിന്റെ ആഭ്യന്തര വിലയെ സർക്കാർ നടപടികൾ സ്വാധീനിച്ചതായി യൂറോപ്യൻ കമ്മീഷൻ കണ്ടെത്തി. സ്റ്റീൽ നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തുവാണ് ഇരുമ്പയിര്. തായ്‌വാനിൽ ചൈനയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതി വർധിച്ചത് ആഭ്യന്തര വില കുറയുന്നതിനും ഉൽപ്പാദകരുടെ ലാഭക്ഷമതയെ ബാധിക്കുന്നതിനും കാരണമായെന്നും കമ്മീഷൻ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനിലെ കോൾഡ് റോൾഡ് ഫ്ലാറ്റ് സ്റ്റീൽ വിപണിയുടെ മൂല്യം ഏകദേശം 2320 കോടി യൂറോയാണ്. ഇന്ത്യയിൽനിന്ന് 28.2 കോടി യൂറോയുടെ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യൻ യൂണിയനിലെ 12 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഈ മേഖലയിലെ വ്യവസായങ്ങളിൽ 8600ലധികം പേർ ജോലി ചെയ്യുന്നുണ്ട്. ആഭ്യന്തര സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കാനാണ് തീരുവ ഏർപ്പെടുത്തിയതെന്നാണ് യൂറോപ്യൻ കമ്മീഷന്റെ വിശദീകരണം.








0 comments