Deshabhimani

ദേശീയ കായിക ബോർഡ് അധ്യക്ഷനായി ദേവേഷ് ചതുർവേദി ചുമതലയേറ്റു

Devesh Chaturvedi
വെബ് ഡെസ്ക്

Published on Nov 16, 2026, 09:33 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ പുതിയ ദേശീയ കായിക ബോർഡിന്റെ (എൻഎസ്ബി) അധ്യക്ഷനായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദേവേഷ് ചതുർവേദി ചുമതലയേറ്റു. ദേശീയ കായിക ഫെഡറേഷനുകളുടെ അംഗീകാരവും കായിക ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ബോർഡിന് വിപുലമായ അധികാരങ്ങളാണുള്ളത്. ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിന്റെ (ടോപ്സ്) മുൻ സിഇഒയും വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനുമായ കമ്മഡോർ പുഷ്പേന്ദ്ര കുമാർ ഗാർഗും ബോർഡ് അംഗമായി ചുമതലയേറ്റു.


2025ലെ ദേശീയ കായിക ഭരണനിയമപ്രകാരമാണ് ബോർഡ് രൂപീകരിച്ചത്. 2026ലെ ദേശീയ കായിക ബോർഡ് ചട്ടങ്ങളിലൂടെയാണ് പ്രവർത്തനം ആരംഭിച്ചത്. ദേശീയ കായിക ഫെഡറേഷനുകൾക്ക് അംഗീകാരം നൽകാനും നിലവിലുള്ള അംഗീകാരം സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ബോർഡിന് അധികാരമുണ്ട്. ഫെഡറേഷനുകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ധാർമിക മാനദണ്ഡങ്ങൾ എന്നിവയുടെ മേൽനോട്ടവും ബോർഡിനായിരിക്കും. അന്താരാഷ്ട്ര കായിക സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാനും അധികാരമുണ്ട്.


1989 ബാച്ചിലെ ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അറുപതുകാരനായ ദേവേഷ് ചതുർവേദി. 2024 ഓഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെ കേന്ദ്ര കൃഷി-കർഷകക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നു. ഐഐടി കാൺപുരിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും ഐഐടി ഡൽഹിയിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ എംടെക്കും നേടിയിട്ടുണ്ട്. ഐഐഎം ബെംഗളൂരുവിൽനിന്ന് പബ്ലിക് പോളിസിയിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി.


ദേവേഷ് ചതുർവേദിയുടെയും പുഷ്പേന്ദ്ര കുമാർ ഗാർഗിന്റെയും നിയമനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകിയിട്ടുണ്ട്. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ കായിക ഫെഡറേഷനുകളുടെ അംഗീകാരവും ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുതിയ ബോർഡിന്റെ തീരുമാനങ്ങൾ നിർണായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home