ആഞ്ഞടിച്ച് 'മെലിസ്സ'; ക്യൂബയിലും ജമൈക്കയിലും കനത്ത നാശനഷ്ടം

ജമൈക്ക: കരീബിയൻ തീരങ്ങളിൽ നാശം വിതച്ച് 'മെലിസ്സ' ചുഴലിക്കാറ്റ്. മണിക്കൂറിൽ 185 മൈൽ വരെ വേഗത്തിൽ കാറ്റുവീശിയ മെലിസ്സ ജമൈക്കൻ തീരങ്ങളിൽ ആഞ്ഞടിച്ചതിനെ തുടർന്ന് നിരവധി മരണങ്ങൾ സ്ഥിരീകരിച്ചു.
കനത്ത കാറ്റിൽ കെട്ടിടങ്ങൾ തകരുകയും, വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. കൂടാതെ ശക്തമായ മഴയെ തുടർന്ന് പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നു.
ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി ജമൈക്കൻ പ്രധാനമന്ത്രി അറിയിച്ചു. 25 ഓളം പേർ മരിച്ചു എന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. മരിച്ചവരുടെ കൃത്യമായ കണക്ക് ഉടൻ പുറത്തുവിടുമെന്നാണ് സൂചന.
ക്യൂബയിലും മറ്റ് സമീപ ദ്വീപുകളിലും നാശനഷ്ടങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായം തേടുന്നുണ്ടെന്നും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ട് വരണമെന്നും ജമൈക്കൻ സർക്കാർ അഭ്യർത്ഥിച്ചു.










0 comments