ad
Deshabhimani

യു എസ് പ്രതികാര നികുതി 100% ലും നിൽക്കില്ല, നിലവിൽ ചുമത്തിയവ അധികമായ് വരും

OIL PRICE
വെബ് ഡെസ്ക്

Published on Sep 20, 2026, 03:11 PM | 3 min read

വാഷിങ്ടൺ: തങ്ങളുടെ രാഷ്ട്രീയ ചൊൽപ്പടിക്ക് അകത്ത് ലോക രാജ്യങ്ങളെ തളച്ചിടാനായി ട്രംപ് തുടങ്ങിവെച്ച താരിഫ് യുദ്ധം എതിര്‍ക്കപ്പെടാതെ തുടരുമ്പോൾ ഇന്ത്യയെ പോലെ പാതി വഴങ്ങി നിൽക്കുന്ന രാജ്യങ്ങൾ നേരിടാനിരിക്കുന്നത് വൻ ബാധ്യത. റഷ്യൻ എണ്ണ വാങ്ങി ഉക്രെയ്ൻ യുദ്ധത്തിനുള്ള സാമ്പത്തിക സമാഹരണത്തെ സഹായിക്കുന്നു എന്ന പേരിലാണ് ട്രംപ് ഭരണ കൂടം നൂറു ശതമാനം നികുതി നിര്‍ദ്ദേശത്തിനുള്ള പ്രസിഡന്റിന്റെ അധികാരം പ്രാബല്യത്തിലാക്കിയത്.


കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതൽ ചര്‍ച്ചയിലിരിക്കുന്ന ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ പരമാവധി വിട്ടുവീഴ്ചകൾ നടത്തിയാണ് ഇന്ത്യ സമ്മതിച്ചു നൽകിയത്. മലേഷ്യ പോലുള്ള രാജ്യങ്ങൾ കരാര്‍ തന്നെ വേണ്ടെന്ന നിലയിൽ തങ്ങളുടെ രാജ്യ താത്പര്യം മുൻനിര്‍ത്തി കര്‍ശന നിലപാട് എടുത്തപ്പോൾ നരേന്ദ മോദി സര്‍ക്കാരിന്റെ സമീപനം അമേരിക്കയെ പ്രീണിപ്പിച്ച് ആനുകൂല്യങ്ങൾ നേടുക എന്നതായിരുന്നു. എന്നാൽ നൂറു ശതമാനം താരിഫ് പ്രഖ്യാപിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം സുഗമമായി പാസായതോടെ ഈ പ്രതീക്ഷ പെട്ടെന്ന് തകര്‍ന്നു. ട്രംപിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇതര രാജ്യങ്ങൾ തുറന്നടിച്ചപ്പോഴും ഇന്ത്യ കരാറും ചര്‍ച്ചകളുമായി യു എസ് ഇസ്രയേൽ പ്രീണന നയങ്ങൾ തുടരുകയായിരുന്നു.



യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അന്തിമമായി ഒപ്പുവെച്ച ‘ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട്, 2026’ (Lindsey O. Graham Sanctioning Russia and Iran Act, 2026) ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ മാത്രമല്ല കയറ്റുമതി മേഖലയെ മുച്ചൂടും നശിപ്പിക്കാവുന്ന സാഹചര്യമാണ്.


താരിഫ് നടപ്പാക്കിയാൽ

നികുതി നിരക്ക് 160 ശതമാനമാവും



നിയമം നടപ്പാക്കി 30 ദിവസത്തിനുള്ളിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലോ സ്വഭാവിക വാതകമോ ഇറക്കുമതി ചെയ്താൽ താരിഫ് ബാധകമാവും. യു എസ് പ്രസിഡന്റിന് ഇപ്പോൾ ലഭിച്ച അധികാര പ്രകാരം താരിഫ് ഏര്‍പ്പെടുത്തി വിജ്ഞാപനം ചെയ്യാം. അതേസമയം പ്രതികാര ചുങ്കം നൂറ് ശതമാനത്തിലും നിൽക്കില്ല. നിലവിലുള്ള താരിഫുകൾക്ക് പുറമെ എന്ന നിബന്ധനയിലാണ് ഈ കുരുക്ക് ഉണ്ടാക്കി വെച്ചിട്ടുളളത്. ട്രാക്ഡ് ആൻഡ് ട്രേഡ് സെക്ഷൻ 310 പ്രകാരം ചുമത്തിയ നികുതിയും. സെക്ഷൻ 232 പ്രകാരം ഇപ്പോൾ തന്നെ ഉരുക്ക് അലൂമിനിയം, ചെമ്പ് തുടങ്ങിയ വസ്തുക്കൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 50 ശമതാനം താരിഫും പുതിയ താരിഫിന്റെ കൂടെ ചേര്‍ക്കപ്പെടും.


അതായത് 160 ശതമാനം വരെ കയറ്റുമതി ചുങ്കം നൽകാൻ ഇന്ത്യൻ ഉത്പാദകര്‍ ബാധ്യസ്ഥരാവും. ഇത് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അസാധ്യവും നേരിടാൻ കഴിയാത്തതുമായ സാഹചര്യമാവും. അത്യാവശ്യ ഘട്ടങ്ങളിൽ കയറ്റി അയച്ചാൽ പോലും ഇതര രാജ്യങ്ങളിലെ സമാന ഉത്പന്നങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങളെ പിന്തള്ളും.


നിയമം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പുള്ള 12 മാസങ്ങളിൽ റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡ് ഓയിലോ വാതകമോ ഇറക്കുമതി ചെയ്ത ആദ്യത്തെ 5 രാജ്യങ്ങളിൽ ഉൾപ്പെടുകയും, 30 ദിവസത്തെ ഗ്രേസ് പീരിയഡിന് ശേഷവും ഇറക്കുമതി തുടരുകയും ചെയ്താൽ ഇത്രയും നികുതി ചുമത്തപ്പെടും.


വ്യാപാര കരാര്‍

തകരുമോ നിലനിൽക്കുമോ


വര്‍ഷങ്ങൾ എടുത്ത് ചര്‍ച്ചകളും മറുചര്‍ച്ചകളും കരാറുകളുമായി രൂപപ്പെടുത്തിയ വ്യാപാര കരാര്‍ യഥാര്‍ത്ഥത്തിൽ ഇതോടെ പ്രസക്തിയില്ലാത്തതാവും. അതേ സമയം ഇന്ത്യ ഇതിനിടെ കരാറിന്റെ സുഗമമയായ നടത്തിപ്പിനായി വിട്ടുനൽകിയ താരിഫുകളും രാജ്യാനുകൂല നിബന്ധനകളും എല്ലാം അമേരിക്ക പ്രയോജനപ്പെടുത്തുകയും ചെയ്യു.


ചൈനയ്ക്ക് തൊട്ടു പിന്നിൽ റഷ്യൻ എണ്ണയുടെ രണ്ടാമത്തെ ഉപയോക്താവാണ് ഇന്ത്യ. ഈ വര്‍ഷത്തെ കണക്ക് പ്രകാരം തന്നെ ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതിയിൽ 51 ശതമാനത്തിൽ അധികം റഷ്യയിൽ നിന്നാണ്. ആഗസ്തിൽ ഇത് 45% ആയിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി അനുദിനം വഷളാവുന്ന സാഹചര്യമാണ്. ഈ വെല്ലുവിളി നിലനിൽക്കുമ്പോൾ 30 ദിവസത്തിനകം എണ്ണ വാങ്ങൽ അവസാനിപ്പിക്കുക ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധിയാവും.


2025 ഓഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെ 50% താരിഫ് നിലനിന്നപ്പോൾ തന്നെ ഇന്ത്യൻ കയറ്റുമതി വളർച്ചാ നിരക്ക് 18%-ൽ നിന്ന് 3.8%-ലേക്ക് തകര്‍ന്നടിഞ്ഞിരുന്നു. ക്രൂഡ് വില ഇപ്പോൾ പ്രതിസന്ധിയെ തുടര്‍ന്ന് $125 കടന്നു നിൽക്കുകയാണ്. ഇതുകാരണം ഇന്ത്യയുടെ ഇറക്കുമതി ചെലവ് 50 ശതമാനം ഉയര്‍ന്നതായാണ് കണക്കുകൾ.


യുദ്ധം

മറ്റുരാജ്യങ്ങളിലെ ജനങ്ങളുടെ ചെലവിൽ


ഒരു വശത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചും സൗഹാര്‍ദ്ദം കാണിച്ചു തുടരുമ്പോൾ അതിൽ വീണതായി മനസിലാക്കി ഇന്ത്യയെ സാമ്പത്തികമായി കുരുക്കകയായിരുന്നു ട്രംപ് ചെയ്തത്. ഇതിനിടെ അമേരിക്ക ആയുധം ഉപയോഗിച്ച് കടന്നു കയറി നിയന്ത്രണം പിടിച്ച വെനസ്വേലയിൽ നിന്നുളള എണ്ണ വാങ്ങിപ്പിക്കാനുള്ള ശ്രമവും തുടരുന്നു.


ഹോര്‍മുസ് പ്രതിസന്ധിയും, അമേരിക്ക ഇറാൻ യുദ്ധവും, ഉക്രയ്ൻ റഷ്യ പോരാട്ടവും എല്ലാം പ്രതിസന്ധിയുടെ രൂപത്തിൽ രാജ്യത്തെ ജനങ്ങളുടെ നേര്‍ക്കാണ് വരുന്നത്. ഇനിയും ഇന്ധനവില ഉയരുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യയിൽ പണപ്പെരുപ്പം ഇനിയും ഉയരും. നിലവിലെ വിലക്കയറ്റവും പ്രതിസന്ധിയും കടുക്കുന്ന സാഹചര്യമാവും. മറുവശത്ത് ഈ പ്രതിസന്ധി മുതലെടുത്ത് കൂടുതൽ നികുതി പിരിക്കയാണ് അമേരിക്ക ചെയ്യുന്നത്.


അമേരിക്കയ്ക്ക് താത്പര്യമുള്ള ഉത്പന്നങ്ങൾ അവര്‍ നിശ്ചയിക്കുന്ന നിരക്കിൽ അവര്‍ ലിസ്റ്റ് ചെയ്ത് നൽകുന്ന സ്ഥലത്തു നിന്ന് വാങ്ങിക്കണം. അവരുടെ യുദ്ധവും അവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയും എല്ലാം മറ്റു രാജ്യങ്ങളും ഷെയര്‍ ചെയ്യണം. ഇതെല്ലാം മൂലം ഉണ്ടായിവരുന്ന ചെലവുകൾ വിലക്കയറ്റത്തിന്റെ രൂപത്തിൽ അതത് രാജ്യങ്ങളിലെ ജനങ്ങളെ പിഴിഞ്ഞ് ഈടാക്കണം എന്ന നയമാണ് നടപ്പാക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home