ad
Deshabhimani

'കൊവിഡ് പോലെ പകർച്ചവ്യാധിയല്ല ഹാൻ്റ വൈറസ്, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല': ലോകാരോഗ്യ സംഘടന

Hantavirus

സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ആരോഗ്യപ്രവർത്തകർ എംവി ഹോണ്ടിയസിൽ നിന്ന് രോഗികളെ മാറ്റുന്നു | Photo Credit: REUTERS/AP

വെബ് ഡെസ്ക്

Published on May 08, 2026, 10:38 AM | 1 min read

ജനീവ: ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലീന ദ്വീപിന് സമീപം എംവി ഹോണ്ടിയസ് ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാൻ്റ വൈറസ്, മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോ​ഗ്യ സംഘടന. ഇത് കൊവിഡ്-19 പോലെ ഒരു ആഗോള പകർച്ചവ്യാധിയായി മാറാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


കപ്പലിലെ യാത്രക്കാരായ മൂന്ന് പേർ ഇതിനോടകം വൈറസ് ബാധിച്ചു മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംഘടനയുടെ വിശദീകരണം. ഹാൻ്റ വൈറസ് അതീവ മാരകമാണെങ്കിലും, ഇത് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്ന ഒന്നല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടനയിലെ പകർച്ചവ്യാധി വിദഗ്ധ മരിയ വാൻ കെർഖോവ് അറിയിച്ചു.


പ്രധാനമായും എലികളുടെ വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. നിലവിൽ 149 യാത്രക്കാരുമായി വെസ്റ്റ് ആഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ഇന്ത്യൻ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെങ്കിലും, രോഗവ്യാപന രീതി കണക്കിലെടുത്ത് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു.


എന്താണ് ഹാന്റ വൈറസ്?


എലികൾ പോലുള്ള കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയിലൂടെ പകരുന്ന അപൂർവ രോഗമാണിത്. കപ്പലിലെ ബാധയ്ക്ക് കാരണം ആൻഡീസ് വൈറസ് എന്ന വകഭേദമാണെന്ന് കരുതപ്പെടുന്നു. അപൂർവമായി ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.


ആദ്യ മരണം റിപ്പോർട്ട് ചെയ്ത ശേഷവും 12 ദിവസത്തോളം കപ്പലിൽ ഐസൊലേഷൻ നടപടികൾ സ്വീകരിക്കാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ നടന്നതായി യാത്രക്കാർ ആരോപിക്കുന്നു. ആദ്യത്തേത് "സ്വാഭാവിക മരണം" എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്ത് കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home