കുടിശികയിൽ വിട്ടുവീഴ്ചയില്ല; അമേരിക്കയ്ക്ക് മറുപടിയുമായി യുഎൻ സെക്രട്ടറി ജനറൽ

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് | REUTERS/Eduardo Munoz
ന്യൂയോർക്ക് : യുഎന്നിന് നൽകാനുള്ള കുടിശികയുടെ കാര്യത്തിൽ അമേരിക്കയുമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. കൂടുതൽ ഫണ്ടുകൾ അനുവദിക്കണമെങ്കിൽ യുഎൻ ഭരണസംവിധാനത്തിൽ ചില ദ്രുതഗതിയിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടിശിക എന്നത് അംഗരാജ്യങ്ങളുടെ നിർബന്ധിത കടമയാണെന്നും അതിൽ വിട്ടുവീഴ്ചക്ക് സ്ഥാനമില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി.
ചെലവ് ചുരുക്കൽ നടപടികൾക്കും ഐക്യരാഷ്ട്രസഭയിൽ ചൈനയുടെ സ്വാധീനം ചെറുക്കാനുമുള്ള ഒൻപത് നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്. യുഎൻ ഉദ്യോഗസ്ഥരുടെ ബിസിനസ് ക്ലാസ് യാത്രകൾ നിർത്തലാക്കുക, പെൻഷൻ സംവിധാനം പുനഃക്രമീകരിക്കുക, സമാധാന സംരക്ഷണ ദൗത്യങ്ങളിൽ പത്ത് ശതമാനം വെട്ടിക്കുറക്കൽ നടത്തുക തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇതിൽ പ്രധാനം. ചൈന യുഎന്നിന് നൽകുന്ന പ്രത്യേക ഫണ്ടുകൾ തടയണമെന്നും അമേരിക്ക ആവശ്യപ്പെട്ടതായി നയതന്ത്ര കുറിപ്പുകളിൽ പറയുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഐക്യരാഷ്ട്ര സംഘടനയെ കാര്യക്ഷമമാക്കാനും ചെലവ് കുറക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് ഗുട്ടെറസ് പറഞ്ഞു. എന്നാൽ ഇത് അംഗത്വ വിഹിതം നൽകുന്നതുമായി ബന്ധപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര സംഘടന നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ അംഗരാജ്യങ്ങൾ വിഹിതം നൽകേണ്ടത് അനിവാര്യമാണ്.
ഐക്യരാഷ്ട്ര സംഘടനക്ക് നൽകാനുള്ള 4 ബില്യൺ ഡോളറിൽ അധികം വരുന്ന കുടിശികയിൽ വെറും 160 മില്യൺ ഡോളർ മാത്രമാണ് ഈ വർഷം അമേരിക്ക നൽകിയത്. കഴിഞ്ഞ വർഷം അമേരിക്ക വലിയ തോതിൽ സാമ്പത്തിക സഹായം വെട്ടിക്കുറച്ചിരുന്നു. കൂടാതെ യുഎൻ സമിതികളിൽ നിന്ന് പിന്മാറുമെന്നും പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ഈ കർക്കശ നിലപാട് ഐക്യരാഷ്ട്ര സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് അംഗരാജ്യങ്ങൾ.










0 comments