ad
Deshabhimani

തുർക്കിയിൽ ഹൈസ്കൂളിൽ വെടിവയ്പ്; 16 പേർക്ക് പരിക്ക്, അക്രമി ആത്മഹത്യ ചെയ്തു

turkey school shootin

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Apr 14, 2026, 06:51 PM | 1 min read

അങ്കാറ : ചൊവ്വാഴ്ച തെക്കുകിഴക്കൻ തുർക്കിയിലെ ഒരു ഹൈസ്കൂളിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്ക്. ആക്രമണത്തിനു ശേഷം അക്രമി ജീവനൊടുക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂളിലെ തന്നെ പൂർവ വിദ്യാർഥിയാണ് ആക്രമണത്തിനു പിന്നിൽ. സാൻലിയുർഫ പ്രവിശ്യയിലെ സിവെറെക്കിലുള്ള വൊക്കേഷണൽ ഹൈസ്കൂളിനുള്ളിൽ തോക്കുമായി എത്തിയ 18 വയസ്സുള്ള അക്രമി വെടിയുതിർക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതിനു പിന്നാലെ അക്രമി അതേ തോക്കുപയോഗിച്ച് സ്വയം വെടിവച്ചതായി ​ഗവർണർ ഹസൻ സിൽഡാക്ക് പറഞ്ഞു.


ആക്രമണത്തിൽ 10 വിദ്യാർഥികൾക്കും നാല് അധ്യാപകർക്കും ഒരു കാന്റീൻ ജീവനക്കാരനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി സിൽഡാക് പറഞ്ഞു. ഭൂരിഭാഗം പേരെയും സിവെറെക്കിലെ പ്രാഥമികാരോ​ഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതമായ അധ്യാപകരെയും വിദ്യാർഥികളെയും പ്രവിശ്യാ തലസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റി.


ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സിൽഡാക് പറഞ്ഞു. സ്കൂൾ നിലവിൽ സുരക്ഷിതമാണെന്നും വെടിവയ്പ്പ് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിവയ്പ്പിന് മുമ്പ് അക്രമി സോഷ്യൽ മീഡിയയിലൂടെ സ്കൂളിനെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥികൾ സ്കൂളിൽ നിന്ന് പുറത്തേക്ക് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home