മകൾക്കും 4 പേരക്കുട്ടികൾക്കും വിഷം നൽകി കൊന്ന ശേഷം മുത്തശ്ശി ജീവനൊടുക്കി

ന്യൂയോർക്ക്: മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ന്യൂയോർക്കിൽ മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് ഒരു കുടുംബത്തിലെ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പോലീസ് പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഇരട്ടക്കുട്ടിയായ ഗ്രേസിലിൻ ഹാർമൻ (10) എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് നിലവിൽ യുട്ടായിലാണ് താമസിക്കുന്നത്.
ദിവസങ്ങളായി ഈ കുടുംബത്തിലുള്ളവരെ പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. അപ്പാർട്ട്‌മെന്റിനുള്ളിൽ നടത്തിയ തിരച്ചിലിൽ ആത്മഹത്യാക്കുറിപ്പും, നിരവധി മെഡിക്കൽ കുറിപ്പടികളും, കൃത്യത്തിനായി ഉപയോഗിച്ച വിഷവും പോലീസ് കണ്ടെടുത്തു.
കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകളുണ്ടെന്ന് മെക്കാനിക്വില്ലി പോലീസ് ചീഫ് വില്യം റാബിറ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മറ്റ് അഞ്ചുപേർക്കും ആമി ബോധപൂർവം വിഷം നൽകി മരണം ഉറപ്പാക്കിയ ശേഷമാണ് സ്വയം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)









0 comments