print edition സ്വാഗതം ചെയ്‌ത് ലോകരാജ്യങ്ങൾ

യുഎസും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണം
ബീജിങ്: യുഎസ്– ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതംചെയ്‌ത് ലോകരാജ്യങ്ങൾ. ഇന്ത്യ, ചൈന, റഷ്യ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഉക്രയ്ൻ, ഇറ്റലി, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും യുഎന്നും യൂറോപ്യൻ യൂണിയനും സ്വാഗതം ചെയ്തു.
വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ മധ്യസ്ഥത വഹിച്ച പാകിസ്ഥാന്റെ പങ്കിനെ ലോകനേതാക്കൾ അഭിനന്ദിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ചൈനീസ് വിദേശ മന്ത്രി വാങ് യി വിവിധ രാജ്യങ്ങളുമായി 26 തവണ ചർച്ചകൾ നടത്തിയെന്ന് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് ബീജിങ്ങിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇറാനെതിരെയുള്ള ഏകപക്ഷീയ ആക്രമണങ്ങളുടെ പരാജയമാണിതെന്ന് റഷ്യൻ വിദേശ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതികരിച്ചു.
സമാധാനത്തിനായി അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ആശ്വാസം പകരുന്നതാണ് തീരുമാനമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പറഞ്ഞു.
വെടിനിർത്തൽ ലെബനനിലേക്കും വ്യാപിപ്പിക്കണമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. വെടിനിർത്തലിനെ സ്വാഗതം ചെയ്യുമ്പോഴും യുദ്ധം വരുത്തിവെച്ച വിനാശങ്ങളെ വിസ്മരിക്കരുതെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഓർമ്മിപ്പിച്ചു.
എണ്ണവില കുത്തനെ കുറഞ്ഞു
വാഷിങ്‌ടൺ: യുഎസ്– ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവുണ്ടായി. യുഎസ് ക്രൂഡ് ഓയിൽ ബാരലിന് 16.47 ഡോളർ കുറഞ്ഞ് 96.48 ഡോളറിലെത്തി.
ബ്രെന്റ് ക്രൂഡ് ബാരലിന് 13.79 ഡോളർ കുറഞ്ഞ് 95.48 ഡോളറായി താഴ്‌ന്നു. പ്രകൃതിവാതക വിലയിലും അഞ്ച് ശതമാനം കുറവുണ്ടായി. ഡോളറിന്റെ മൂല്യത്തിലും നേരിയ ഇടിവുണ്ടായി. എന്നാൽ വെടിനിർത്തൽ കാലാവധി രണ്ടാഴ്ച മാത്രമായതിനാൽ വിപണി അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
ആഗോള വിപണിയിൽ ഉണർവ്
ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ആഗോള ഓഹരി വിപണികളിൽ വലിയ മുന്നേറ്റമുണ്ടായി. ഫ്രഞ്ച് വിപണിയായ സിഎസി നാല് ശതമാനവും ജർമ്മനിയുടെ ഡാക്സ് 4.7 ശതമാനവും ഉയർന്നു. ബ്രിട്ടീഷ് വിപണിയിൽ 2.3 ശതമാനത്തിന്റെ വർധന. യുഎസ് വിപണിയിലും ഉണർവുണ്ടായി. ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കി 5.4 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്‌പി 6.9 ശതമാനവും നേട്ടമുണ്ടാക്കി. ഓസ്‌ട്രേലിയ, ഹോങ്കോങ്, ഷാങ്ഹായ് വിപണികളും മികച്ച മുന്നേറ്റമുണ്ടായി.









0 comments