ad
Deshabhimani

നിർബന്ധിത സൈനിക സേവനത്തിനെതിരെ ജർമ്മനിയിൽ വൻ വിദ്യാർത്ഥി പ്രക്ഷോഭം; 150 നഗരങ്ങളിൽ സ്കൂൾ പണിമുടക്ക്

re-militarization
വെബ് ഡെസ്ക്

Published on May 17, 2026, 05:22 PM | 2 min read

ബെർലിൻ: ജർമ്മനിയിൽ നിർബന്ധിത സൈനിക സേവന നിയമത്തിനെതിരെയും രാജ്യത്തിന്റെ അമിത സൈനിക വൽക്കരണത്തിനെതിരെയും വൻ വിദ്യാർത്ഥി പ്രതിഷേധം. രാജ്യവ്യാപകമായി നടന്ന സ്കൂൾ പണിമുടക്കിൽ 150-ഓളം നഗരങ്ങളിൽ നിന്നായി 45,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ടാം ലോക മഹായുദ്ധത്തിൽ യൂറോപ്പിന് സമാധാനം കൈവന്ന വിക്ടറി ഡേയുടെ 81-ാം വാർഷികത്തിലാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.


2025 ഡിസംബർ 5-ന് ജർമ്മൻ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയ പുതിയ സൈനിക നിയമത്തിനെതിരെ നടക്കുന്ന മൂന്നാമത്തെ വലിയ സ്കൂൾ പണിമുടക്കാണിത്.


ബെർലിനിൽ വൻ റാലി


തലസ്ഥാനമായ ബെർലിനിൽ ബ്രാൻഡൻബർഗ് ഗേറ്റിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ 7,500-ലധികം വിദ്യാർത്ഥികൾ അണിനിരന്നു. നിലവിലെ ചാൻസലർ ഫ്രെഡറിക് മെർസിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. യൂറോപ്പിൽ വളർന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ "ഞങ്ങളെല്ലാം ഫാസിസ്റ്റ് വിരുദ്ധരാണ്" എന്ന മുദ്രാവാക്യം വിളിച്ചാണ് വിദ്യാർത്ഥികൾ നീങ്ങിയത്. ജര്‍മ്മനിയുടെ മിക്ക നഗരങ്ങളിലും Siamo tutti antifascisti എന്ന ഈ മുദ്രാവാക്യം മുഴങ്ങി.

re-militarization germany

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹിക ക്ഷേമ പദ്ധതികൾക്കും ഫണ്ട് നൽകാതെ, രാജ്യത്തെ യുദ്ധസജ്ജമാക്കാൻ സർക്കാർ കോടികൾ ഒഴുക്കുകയാണെന്ന് റാലിയിൽ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. 'ബെർലിൻ സഖ്യം ആയുധങ്ങൾക്കെതിരെ'എന്ന സംഘടനയുടെ പ്രതിനിധികളും റാലിയിൽ സംസാരിച്ചു. ആയുധ-വെടിക്കോപ്പ് നിർമ്മാണ ഫാക്ടറികൾക്കെതിരെയുള്ള വരുംദിവസങ്ങളിലെ സമരങ്ങളിൽ പങ്കാളികളാകാൻ അവർ ആഹ്വാനം ചെയ്തു. ഗ്രീസിലെ തുറമുഖ തൊഴിലാളികൾ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശവും റാലിയിൽ വായിച്ചു.


കടുത്ത പോലീസ് നടപടികളും ഭീഷണിയും


സമരത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കടുത്ത ശ്രമങ്ങളാണ് ഉണ്ടാകുന്നത്. ചാൻസലർ ഫ്രെഡറിക് മെർസിനെ പരിഹസിച്ചുകൊണ്ടുള്ള സ്ലോഗനുകൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചതിന് ഒരു 18 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സമാധാനപരമായി നടക്കുന്ന റാലിയിലേക്ക് പോലീസ് ബലം പ്രയോഗിച്ച് ഇരച്ചുകയറുമെന്ന് മുന്നറിയിപ്പ് നൽകി.

students protest

മാത്രമല്ല, സമരം ആസൂത്രണം ചെയ്ത വിദ്യാർത്ഥികളെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികളും ഫെഡറൽ ക്രിമിനൽ പോലീസും ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. തീവ്രവലതുപക്ഷ പാർട്ടിയായ എ എഫ്ഡി ക്ക് സ്വാധീനമുള്ള ചെറിയ പട്ടണങ്ങളിൽ പോലും പ്രതിഷേധം എത്തിക്കാൻ കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. വരും ദിവസങ്ങളിൽ നിയമം കർശനമായി നടപ്പിലാക്കാൻ തുടങ്ങുമ്പോൾ, ഇപ്പോൾ രൂപീകരിച്ച ഈ വികേന്ദ്രീകൃത ശൃംഖല ശക്തമായ പ്രതിരോധമായി മാറുമെന്നാണ് വിദ്യാർത്ഥി നേതാക്കൾ അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home