ഗാസയില്‍ ‘പട്ടിണിബോംബ്’

ഗാസ സിറ്റി
കടുത്ത ഇസ്രയേൽ ആക്രമണത്തിൽ ശ്വാസംമുട്ടുന്ന ഗാസയിൽ വിശന്നുമരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ അധികരിക്കുന്നു. 24 മണിക്കൂറിനിടെ ഏഴ് പട്ടിണിമരണങ്ങൾ സ്ഥിരീകരിച്ചതായി ഗാസയിലെ അൽ ഷിഫ ആശുപത്രി സ്ഥിരീകരിച്ചു. ഒരു കുട്ടിയടക്കമാണ് കഴിക്കാൻ ഒരുതരി ഭക്ഷണമില്ലാതെ മരിച്ചത്.
ചപ്പുചവറുകൾക്കും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ ഭക്ഷണംതേടി അലയുന്ന ഗാസ നിവാസികളുടെ ദൃശ്യങ്ങൾ സമീപദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പകലന്തിയോളം ഭക്ഷണംതേടി അലയുന്നതും വിവിധ രാജ്യങ്ങൾ ഹെലികോപ്ടറുകളിൽ എത്തിച്ച് താഴേക്കിടുന്ന ഭക്ഷ്യവസ്തുക്കൾക്കായി പരസ്പരം മത്സരിക്കുന്നതുമായ ജനങ്ങൾ പതിവ് കാഴ്ചയായി. മുനമ്പിലെ ജനങ്ങളിൽ മൂന്നിലൊരാളെങ്കിലും ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടുന്നതായി യുനിസെഫ് പറഞ്ഞു. ജനങ്ങൾ കൊടുംപട്ടിണിയിലാണ്. 3.20 ലക്ഷം കുട്ടികൾ കടുത്ത പേഷകാഹാരക്കുറവ് നേരിടുന്നു. ആതെഫ് അബു ഖാതെർ എന്ന പതിനേഴുകാരൻ ശനിയാഴ്ച മരിക്കുമ്പോൾ 25 കിലോ മാത്രമായിരുന്നു ഭാരം. 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ കടന്നാക്രമണം തുടങ്ങിയശേഷം ഗാസയിൽ 169 പട്ടിണിമരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 93 കുഞ്ഞുങ്ങളുമുണ്ട്.
ശനിയാഴ്ച 36 പേരെക്കൂടി ഇസ്രയേൽ കൊന്നൊടുക്കി. ഇതിൽ സഹായകേന്ദ്രങ്ങളിൽ ഭക്ഷണംതേടിയെത്തിയ 13 പേരുമുണ്ട്.









0 comments