ആറുപേർകൂടി വിശന്നുമരിച്ചു
ഗാസ ; 70 പേരെകൂടി കൊന്നു

ഗാസ സിറ്റി
ഗാസയിൽ പട്ടിണിയും പട്ടിണി മരണങ്ങളും കൂടിവരുമ്പോഴും കടന്നാക്രമണത്തിൽ അയവ് വരുത്താതെ ഇസ്രയേൽ. ഞായറാഴ്ച മാത്രം മുനമ്പിൽ 70 പേരെയാണ് ഇസ്രയേൽ സൈന്യം കൊന്നുതള്ളിയത്. ഇതിൽ, വിവിധ സഹായകേന്ദ്രങ്ങൾക്ക് മുന്നിൽ ഭക്ഷണത്തിനായി കാത്തുനിന്ന 37 പേരുമുണ്ട്. ജനക്കൂട്ടത്തിലേക്ക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. ഇതോടെ, സഹായകേന്ദ്രങ്ങൾക്ക് സമീപം ഇസ്രയേൽ വെടിവച്ച് കൊന്നവരുടെ എണ്ണം 859 ആയെന്ന് യു എൻ പറഞ്ഞു.
അതിനിടെ, ആറുപേർകൂടി ഗാസയിൽ പട്ടിണികിടന്ന് മരിച്ചു. ഇതോടെ, മുനമ്പിലെ ആകെ പട്ടിണിമരണങ്ങൾ 175 ആയി. ഇതിൽ 93 കുട്ടികളും ഉൾപ്പെടുന്നു.
ഇസ്രയേൽ കടന്നാക്രമണത്തിന് എതിരായ പ്രതിരോധം അവസാനിപ്പിക്കില്ലെന്നും, പലസ്തീന്റെ സ്വാതന്ത്ര്യം തിരിച്ചുകിട്ടുംവരെ പോരാട്ടം തുടരുമെന്നും ഹമാസ് പ്രസ്താവന ഇറക്കി.ഹമാസിന്റെ അൽ ഫുർഹാൻ ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡർ സലാ അൽ ദിൻ സാറയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
ബെൻ ഗ്വീർ അൽ അഖ്‌സയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, അൽ അഖ്‌സ പള്ളിയിൽ അതിക്രമിച്ചു കയറി ഇസ്രയേലിന്റെ തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ. കനത്ത പൊലീസ് സുരക്ഷയിൽ മേഖലയിൽ കടന്നുകയറിയ ബെൻ ഗ്വീർ, അവിടെ പ്രാർഥിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. ജൂതന്മാരും മുസ്ലിങ്ങളും ഒരുപോലെ വിശുദ്ധസ്ഥലമായി കരുതുന്ന മേഖലയാണിത്. സൗദി അറേബ്യ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ബെൻ ഗ്വീറിന്റെ നടപടിയെ അപലപിച്ചു.
ഇസ്രയേൽ ബന്ദിയുടെ ദൃശ്യം പുറത്തുവിട്ട് ഹമാസ്
ഹമാസ് ബന്ദിയാക്കിയ ഇസ്രയേൽ പൗരൻ എവിയാതർ ഡേവിഡിന്റെ ദൃശ്യങ്ങൾ പുറത്ത്. മെലിഞ്ഞ് എല്ലുംതോലുമായ ഈ ഇരുപത്തേഴുകാരൻ ഭൂഗർഭ തുരങ്കത്തിൽ കുഴിയെടുക്കുന്ന ദൃശ്യം ഹമാസാണ് പുറത്തുവിട്ടത്. സ്വന്തം ശവക്കുഴിയാണ് കുഴിക്കുന്നതെന്നും തന്റെ മരണം തടയാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ എന്നും യുവാവ് ലോകത്തോടായി പറയുന്നതും വീഡിയോയിലുണ്ട്.
നാൽപ്പത്തെട്ട് മണിക്കൂറിൽ രണ്ടുതവണ ഹമാസ് യുവാവിന്റെ ദൃശ്യം പുറത്തുവിടുന്നത്. രക്ഷിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്ന യുവാവ് അവസാനം പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം.
ഹമാസ് എവിയാതറിനെ മനഃപൂർവം പട്ടിണിക്കിടുകയാണെന്ന് കുടുംബം പ്രതികരിച്ചു. നിലവിൽ 49 ബന്ദികൾ ഹമാസിന്റെ പക്കലുണ്ടന്നാണ് അനുമാനം. ഇസ്രയേല്‍ നടപടികള്‍ മൂലം ഗാസയെ പട്ടിണി അതീവരൂക്ഷമായ സാഹചര്യത്തിലാണ് ഹമാസ് ബന്ദിയുടെ ചിത്രം പുറത്തുവിട്ടത്.









0 comments