പോഷകാഹാരക്കുറവ് മൂലം മരിച്ചത് 
85 കുട്ടികളടക്കം
127 പേര്‍

മൂന്നിലൊന്ന് ​ഗാസക്കാരും കൊടും പട്ടിണിയില്‍

Gaza Starvation Deaths
വെബ് ഡെസ്ക്

Published on Jul 27, 2025, 12:11 AM | 2 min read

ഗാസ സിറ്റി

അമേരിക്കയുടെ പിന്തുണയോടെ ലോകമനഃസാക്ഷിയെ വെല്ലുവിളിച്ച്‌ ഇസ്രയേൽ കടന്നാക്രമണം തുടരുന്ന ഗാസയിൽ പലസ്തീൻജനത കൂട്ട പട്ടിണിമരണത്തിന്റെ വക്കിൽ. ജനങ്ങളിൽ മൂന്നിലൊന്നും ദിവസങ്ങളോളം ഭക്ഷണമില്ലാതെയാണ്‌ കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസഹായ പദ്ധതി മുന്നറിയിപ്പ് നൽകി.


പോഷകാഹാരക്കുറവ് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും 90,000 സ്ത്രീകളും കുട്ടികളും അടിയന്തര ചികിത്സ തേടുകയാണെന്നും വേൾഡ്‌ ഫുഡ്‌ പ്രോഗ്രാം പ്രസ്താവനയിൽ പറഞ്ഞു.

ഗാസയിൽ പട്ടിണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ യുഎൻ ഏജൻസികൾ അടക്കം തുടർച്ചയായി നൽകുമ്പോഴും ഇസ്രയേൽ കനത്ത ഉപരോധവും ആക്രമണവും തുടരുകയാണ്‌. പോഷകാഹാരക്കുറവ് മൂലം ഒമ്പതു കുട്ടികൾകൂടി മരിച്ചതായി ഗാസയിശല ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചശേഷമുള്ള ഇത്തരത്തിൽ മരിച്ചവരുടെ ആകെ എണ്ണം 127 ആയി. ഇതിൽ 85 കുട്ടികൾ ഉൾപ്പെടുന്നു. സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രത്തെ അംഗീകരിക്കുമെന്ന്‌ ഫ്രാൻസ്‌ പ്രഖ്യാപിച്ചതോടെ അമേരിക്കൻ കൂട്ടാളികളായ യൂറോപ്യൻ രാജ്യങ്ങളിൽനിന്നടക്കം ഇസ്രയേലിനെതിരായ നിലപാട്‌ ശക്തമാവുകയാണ്‌.


പലസ്തീനെ അംഗീകരിക്കാൻ ബ്രിട്ടീഷ്‌ സർക്കാരിനോട് ആവശ്യപ്പെട്ട് മൂന്നിലൊന്ന് എംപിമാർ ഒപ്പിട്ട കത്ത്‌ പ്രധാനമന്ത്രി കിയർ സ്റ്റാമറിന്‌ നൽകി. ഗാസയിലേക്ക് വ്യേമാമാർഗം സഹായമെത്തിക്കുന്നതിന്‌ ബ്രിട്ടൻ ഇടപെടുമെന്ന്‌ സ്‌റ്റാമർ പറഞ്ഞു. ചികിത്സയ്ക്കായി ഗാസയിലെ കുട്ടികളെ ബ്രിട്ടനിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയും ജോർദാനും സഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇസ്രയേലിൽനിന്ന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.


ഗാസയിലേക്ക്‌ സഹായമെത്തിക്കാനുള്ള നിയന്ത്രണങ്ങൾ ഉടൻ നീക്കാൻ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.ഇസ്രയേൽ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള ബാധ്യതകൾ പാലിക്കണമെന്നും ഗാസയിലെ മാനുഷിക ദുരന്തം ഉടൻ അവസാനിപ്പിക്കണമെന്നും അവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മെയ് 27 മുതൽ അമേരിക്കയും ഇസ്രയേലും പിന്തുണക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ ആയിര-ത്തിലധികം പലസ്തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌. യുഎൻ ഏജൻസികൾ ഉൾപ്പെടെ മറ്റ്‌ സംഘടനകളെയൊന്നും സഹായമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കുന്നില്ല.


താൻ യുദ്ധകുറ്റകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും ഭക്ഷണവിതരണ സ്ഥലങ്ങളിൽ സാധാരണക്കാർക്കു നേരെ സൈനികർ വെടിവയ്‌ക്കുന്നത് കണ്ടതായും ജിഎച്ച്എഫിനായി ജോലിചെയ്തിരുന്ന യുഎസ് സുരക്ഷാ കരാറുകാരൻ ആന്റണി അഗ്യുലാർ ബിബിസിയോട് പറഞ്ഞു. ശനിയാഴ്ച ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 23 സഹായ അന്വേഷകർ ഉൾപ്പെടെ 51 പേർ കൊല്ലപ്പെട്ടു. 21 മാസത്തെ കടന്നാക്രമണത്തിൽ 59,733 പേർ കൊല്ലപ്പെട്ടതായാണ്‌ ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home